പാലാ : കിടങ്ങൂർ ബൈപ്പാസ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ നടപടി സ്വീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഏറ്റുമാനൂർ - പാലാ റോഡിനെയും കിടങ്ങൂർ - മണർകാട് റോഡിനെയും ബന്ധിപ്പിച്ച് കട്ടച്ചിറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കിടങ്ങൂർ ക്ഷേത്രത്തിനു സമീപത്തുള്ള പാലം ജംഗ്ഷനിലേക്ക് എത്തിച്ചേരുന്നതിനുള്ള ഗ്രാമീണറോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന വികസന പദ്ധതിയാണ് നടപ്പാക്കുന്നത്. മീനച്ചിലാറിന്റെ തീരത്ത് ലഭ്യമാകുന്ന പരമാവധി വീതി പ്രയോജനപ്പെടുത്തി റിവർവ്യൂ റോഡ് എന്ന നിലയിൽ കട്ടച്ചിറ ചാലക്കടവ് റോഡ് വികസിപ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കട്ടച്ചിറ ജംഗ്ഷനിൽ നിന്ന് പള്ളിക്കടലിലേക്ക് പോകുന്ന ഗ്രാമീണറോഡ് മെച്ചപ്പെട്ട നിലവാരത്തിൽ നവീകരിക്കുന്നതിനാണ് രണ്ടാമത്തെ പദ്ധതി. ക്ലോസ്സ്ഡ് ഗ്രേഡഡ് ടാറിംഗിലൂടെ മെച്ചപ്പെട്ട നിലവാരത്തിൽ റോഡ് നവീകരിക്കുന്ന വികസന പ്രവർത്തനമാണ് ഇവിടെ നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്. വെള്ളപ്പൊക്ക സമയങ്ങളിൽ പ്രധാനപ്പെട്ട ഈ രണ്ട് റോഡും തകർന്നടിഞ്ഞ് യാത്ര ചെയ്യാൻ കഴിയാത്ത നിലയിലായിരുന്നു. ഇതോടൊപ്പം പ്രധാനപ്പെട്ട രണ്ട് സംസ്ഥാന ഹൈവേകളെ ബന്ധിപ്പിച്ചുള്ള ബൈപ്പാസ് റോഡായി കട്ടച്ചിറ - കിടങ്ങൂർ ബൈപ്പാസ് മാറും .