
കോട്ടയം: മലങ്കര സഭാതർക്കം സംബന്ധിച്ച കേസിൽ സുപ്രീംകോടതി വിധി മറികടക്കുന്നതിന് നിയമനിർമാണം നടത്താനുള്ള കരട് ബിൽ പ്രതിഷേധാർഹമാണെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ പൊതുജനാഭിപ്രായം തേടുന്നത് കേട്ടുകേൾവി പോലുമില്ല. കരട് ബിൽ നിയമമായി വന്നാൽ നേരിടും. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ കരട് ബില്ലുമായി രംഗത്തെത്തിയിരിക്കുന്നത്. യാക്കോബായ സഭയുടെ സ്വാധീനമാണ് പിന്നിൽ. വികസനത്തിന് എതിരല്ലെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്നായിട്ടാണ് കെ റെയിൽ മാറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 മലങ്കര സഭയ്ക്ക്916 കോടിയുടെ ബഡ്ജറ്റ്
മലങ്കര ഓർത്തഡോക്സ് സഭയുടെ 916 കോടി രൂപയുടെ അർദ്ധ വാർഷിക ബഡ്ജറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ചു. യുക്രൈനിൽ നിന്നു മടങ്ങി വന്ന വിദ്യാർത്ഥികൾക്കുള്ള സഹായം ഉൾപ്പെടെ വിവിധ ക്ഷേമപദ്ധതികൾ ഉൾകൊള്ളിച്ചുള്ളതാണ് ബഡ്ജറ്റ് . സഭയിലെ വിധവകൾക്ക് പ്രതിമാസ പെൻഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കോളജിക്കൽ കമ്മിഷന്റെ നേതൃത്വത്തിൽ ഹരിത ഓഡിറ്റിംഗ് നടത്തുന്നതിനും നെൽ, ക്ഷീര കർഷകരെ ആദരിക്കുന്നതിനും തുക വകയിരുത്തി. ഔദ്യോഗിക ഓൺലൈൻചാനലിന്റെ സാദ്ധ്യതാ പഠനത്തിനും തുക അനുവദിച്ചു.