strick

കോട്ടയം. വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസമായി നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം നഷ്ടമാകുമെന്ന ഉത്തരവുണ്ടായിട്ടും ഇന്നലെയും ഹാജർനില കുറവായിരുന്നു. കളക്ടറേറ്റിൽ 189 ജീവനക്കാരിൽ 16 പേർ മാത്രമാണ് എത്തിയതെന്ന് എ.ഡി.എം അറിയിച്ചു. കോടതി ജീവനക്കാർ പതിവുപോലെ എത്തി.

ജില്ലയിൽ ഇന്നലെ കെ.എസ്.ആർ.ടി.സി നാല് സർവീസ് മാത്രമാണ് നടത്തിയത്. ചില സ്ഥലങ്ങളിൽ നേരിയ സംഘർഷമുണ്ടായി. പൂഞ്ഞാറിൽ തുറന്ന ബാങ്കും പെട്രോൾ പമ്പും സമരാനുകൂലികൾ അടപ്പിച്ചു. പാലാ ആശുപത്രിക്കവലയിൽ വാഹനങ്ങൾ തടഞ്ഞു. ചിങ്ങവനത്ത് സ്വകാര്യബാങ്കിന്റെ പ്രവർത്തിക്കുന്നത് വിലക്കി. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നഗരങ്ങളിൽ പ്രകടനവും സമരപ്പന്തലിൽ കലാപരിപാടികളും അരങ്ങേറി. വ്യാപാരി സംഘടനകൾ തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക കടകളും അടഞ്ഞുകിടന്നു. ഏതാനും സ്വകാര്യ സ്ഥാപനങ്ങളും തട്ടുകടകളും ഹോട്ടലുകളും പമ്പുകളും മാത്രമാണ് തുറന്നത്. ഉച്ചവരെ സ്വകാര്യ വാഹനങ്ങൾ കുറവായിരുന്നു. ഉച്ചകഴിഞ്ഞതോടെ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ സജീവമായി. ഗ്രാമപ്രദേശങ്ങളിലെ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന മിക്കവാറും കടകൾ തുറന്നു പ്രവർത്തിച്ചു. പ്രധാന ജംഗ്ഷനുകളിൽ പൊലീസിനെ വിന്യസിച്ചിരുന്നു. നഗരത്തിലെ മൂന്ന് ബസ് സ്റ്റാൻഡുകളും ആളൊഴിഞ്ഞ നിലയിലായിരുന്നു. റെയിൽവേസ്റ്റേഷനിൽ ആദ്യ ദിനത്തേക്കാൾ തിരക്ക് അനുഭവപ്പെട്ടു.

കളക്ടറേറ്റിൽ 189 ൽ 16 പേർ മാത്രമാണ് എത്തിയത്.

കെ.എസ്.ആർ.ടി.സി നാല് സർവീസ് മാത്രം നടത്തി.

പലയിടങ്ങളിലും വാഹനം ത‌ടഞ്ഞു. സംഘർഷമുണ്ടായി.

നിരത്തിൽ വാഹനം തടയൽ. സമരപ്പന്തലിൽ പാട്ടും മേളവും.