bt-

കോട്ടയം. ജലപാതയിൽ പോള നിറഞ്ഞതുമൂലം കോടിമതയിൽനിന്ന് ആലപ്പുഴക്കുള്ള ബോട്ട് സർവീസ് താത്ക്കാലികമായി നിറുത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. പള്ളംകായൽ, കൊടൂരാർ എന്നിവിടങ്ങളിലാണ് ബോട്ട് സർവീസിന് വിലങ്ങുതടിയായി പോള തിങ്ങിനിറഞ്ഞുകിടക്കുന്നത്. ഇത് മൂലം രണ്ടാഴ്ചയായി രണ്ട് ബോട്ടുകളുടെയും സർവീസ് നിറുത്തിവച്ചിരിക്കയാണ്. നഗരസഭയ്ക്കും ഇറഗേഷൻ വകുപ്പിനും പരാതി നൽകിയെങ്കിലും പരിഹാരമായില്ല. ഇതുമൂലം പടിഞ്ഞാറൻ മേഖലയിലെ വിദ്യാർത്ഥികളാണ് ഏറെ പ്രതിസന്ധിയിലായത്. പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്ന ഘട്ടത്തിൽ ബോട്ടിനെ ആശ്രയിക്കുന്ന കുട്ടികൾ ബന്ധുവീടുകളിലും മറ്റും തങ്ങേണ്ട സ്ഥിതിയാണ്.

ഫെബ്രുവരി മുതൽ കോടിമത ജെട്ടിയിലും പള്ളം ബ്ലോക്കിലും ജലപാതയിൽ പോളയും പുല്ലും നിറഞ്ഞ നിലയിലായിരുന്നു. ഇതിലൂടെ സർവീസ് നടത്തുമ്പോൾ പ്രൊപ്പല്ലറിൽ പുല്ലും പോളയും കുരുങ്ങി ബോട്ട് നിന്നുപോകുന്നത് പതിവാണ്. കോടിമതയിൽ നിന്ന് പള്ളം കായൽ വഴി രണ്ടര മണിക്കൂർ കൊണ്ട് ആലപ്പുഴ എത്തുന്ന ബോട്ട് പോള മൂലം അരമുക്കാൽ മണിക്കൂർ വൈകിയാണ് ആലപ്പുഴയിൽ എത്തിയിരുന്നത്. ഇതും സർവീസിനെ തകിടം മറിക്കുന്നു.

കൊവിഡാനന്തരം ധാരാളം ടൂറിസ്റ്റുകൾ എത്തുന്ന സമയമാണിത്. അപ്പോഴാണ് പോള വില്ലനായത്. ഇത് വലിയ വരുമാന നഷ്ടമാണ് ഇന്നാട്ടുകാർക്കുണ്ടാക്കുന്നത്. കുമരകത്തെ കൈത്തോടുകളും പോളനിറഞ്ഞ നിലയിലാണ്. ഹൗസ് ബോട്ടിനും പോള പ്രതിസന്ധി സൃഷ്ടിക്കുന്നു. നഗരസഭയുടെ പോള സംസ്‌കരണ മെഷീൻ കാട് മൂടിയ നിലയിൽ കിടന്നിട്ടും പോള നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ല.

ഇന്നാട്ടുകാരനായ ഇസ്മയിൽ പറയുന്നു.

പടിഞ്ഞാറൻ മേഖലയിൽ റോഡ് മാർഗം എത്താനാവാത്ത നിരവധി സ്ഥലങ്ങളുണ്ട്. വള്ളവും ബോട്ടും മാത്രമാണ് ഞങ്ങൾക്ക് നഗരത്തിലേക്കും മറ്റ് കരമേഖലയിലേയ്ക്കും ചെല്ലാനുള്ള ആശ്രയം. ബോട്ട് സർവീസ് നിർത്തിയതോടെ പ്രധാന സഞ്ചാരമാർഗം ഇല്ലാതായി. എല്ലാവർഷവും സമാനമായ ദുസ്ഥിതി ആവർത്തിക്കാറുണ്ട്.