ചങ്ങനാശേരി : ബോട്ട് ജെട്ടിയാണോ അതോ പച്ച വിരിച്ച മൈതാനമോ? ആര് കണ്ടാലും ഒന്ന് ശങ്കിച്ചുപോകും. കാരണം അത്രത്തോളം പോള പുതച്ച് കിടക്കുകയാണ് കൊടൂരാർ. ഇതോടെ രണ്ടാഴ്ചയായി കോടിമത - ആലപ്പുഴ ബോട്ട് സർവീസും നിലച്ചു. ബോട്ട് ജെട്ടിയും പരിസരം മനോഹരമാക്കാൻ കോടികൾ മുടക്കി പല പദ്ധതികളും ആസൂത്രണം ചെയ്തങ്കിലും സ്ഥിരമായി ബോട്ട് സർവീസ് ഉറപ്പാക്കാൻ കഴിയാത്തത് എല്ലാത്തിനെയും തകിടംമറിച്ചു.
നഗരസഭയ്ക്കും ഇറഗേഷൻ വകുപ്പിനും പരാതി നൽകിയെങ്കിലും ഇതുവരെയും പ്രശ്നത്തിന് പരിഹാരം കാണാത്തത് യാത്രക്കാരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. പടിഞ്ഞാറൻ മേഖലകളിലെ വിദ്യാർത്ഥികൾക്കാണ് ഏറെ പ്രതിസന്ധി. പത്താംക്ലാസ് പരീക്ഷ അടക്കമുള്ള ആരംഭിക്കുന്ന ഘട്ടത്തിൽ ബോട്ടിനെ ആശ്രയിക്കുന്ന കുട്ടികൾ ബന്ധുവീടുകളിലും മറ്റും തങ്ങേണ്ട അവസ്ഥയിലാണ്. ഫെബ്രുവരി മുതൽ കോടിമത ജെട്ടിയിലും പള്ളം ബ്ലോക്കിലും ജലപാതയിൽ പോളയും പുല്ലും നിറഞ്ഞ നിലയിലായിരുന്നു. പടിഞ്ഞാറൻമേഖലയിൽ റോഡ് മാർഗം എത്തിപ്പെടാൻ പറ്റാത്ത നിരവധി സ്ഥലങ്ങൾ ഉണ്ട്. വള്ളവും ബോട്ട് സർവീസും മാത്രമാണ് ഇവർക്ക് ഏക ആശ്രയം. എല്ലാവർഷവും സമാനമായ രീതിയിൽ പോളനിറഞ്ഞ് നിൽക്കുന്ന നിലയിലാണ്. ബോട്ട് യാത്രക്കായി വിദേശികൾ അടക്കം നിരവധി സഞ്ചാരികൾ എത്തുന്ന സീസണാണിത്. കൊവിഡ് കാലത്ത് വരുമാന നഷ്ടത്തിലായിരുന്ന ബോട്ട് സർവീസിന് ഉണർവ് ഉണ്ടാകുന്ന സമയത്താണ് പോള വില്ലനായി വന്നത്. ഇതോടെ വലിയ വരുമാന നഷ്ടമാണ് നേരിടുന്നത്.
ബോട്ടുകൾക്ക് തകരാർ തുടർക്കഥ
ബോട്ടുകളുടെ പ്രൊപ്പല്ലറിൽ പോള കുടുങ്ങി തകരാർ സംഭവിക്കുന്നത് പതിവാണ്. കോടിമതയിൽ നിന്ന് പള്ളം കായൽ വഴി രണ്ടര മണിക്കൂർ കൊണ്ട് ആലപ്പുഴ എത്തുന്ന ബോട്ട് ഇപ്പോൾ പോള മൂലം 3 മണിക്കൂറിന് ശേഷമാണ് എത്തിയിരുന്നത്. കുമരകത്തെ കൈത്തോടുകളും പോളനിറഞ്ഞ നിലയിലാണ്. സ്വകാര്യ ഹൗസ് ബോട്ട് ജീവനക്കാർക്കും പോള പ്രതിസന്ധി സൃഷ്ടിക്കുന്നു. പോള നീക്കം ചെയ്യണമെന്ന് ഹൗസ് ബോട്ട് ജീവനക്കാരും നിരന്തമായി ആവശ്യപ്പെട്ടിട്ടും ഇതുവരെയും നടപടിയായിട്ടില്ല. നഗരസഭയുടെ പോളമാലിന്യസംസ്‌കരണ മെഷീൻ കാട് മൂടിയ നിലയിലാണ്.