
ചങ്ങനാശേരി. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ പോലും ഹൈക്കോടതിയെ അനുസരിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കരുതെന്ന് കോടതി പറഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഉദ്യോഗസ്ഥർ പോലും ഓഫീസിലെത്തിയില്ല. നരേന്ദ്രമോദി സർക്കാരിന്റെ സൗജന്യ റേഷൻ വിതരണം ചെയ്യാൻ അനുവദിക്കാതെ പാവങ്ങളെ ദ്രോഹിക്കുകയാണ് സമരക്കാർ. ഇടതുപക്ഷ സംഘടനകളുടെ സമരാഭാസത്തിന് കോൺഗ്രസ് പിന്തുണ നൽകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ചങ്ങനാശേരിയിൽ കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നടത്തുന്ന പദയാത്ര ഉദ്ഘാടനം ചെയ്ത് സുരേന്ദ്രൻ പറഞ്ഞു.
സിൽവർലൈൻ സർവേയുടെ കാര്യത്തിൽ സുപ്രീംകോടതിയെ സംസ്ഥാന സർക്കാർ തെറ്റിദ്ധരിപ്പിച്ചു. ഇത് ഇടക്കാല ഉത്തരവ് മാത്രമാണ്. മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. അടിസ്ഥാനരഹിത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നതെന്ന് ജനങ്ങൾക്ക് ബോദ്ധ്യമായെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ, സംസ്ഥാന വക്താവ് അഡ്വ.എൻ.കെ.നാരായണൻ നമ്പൂതിരി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.ഗോപാലകൃഷ്ണൻ, ഡോ.ജെ.പ്രമീളാദേവി, ദേശീയ കൗൺസിൽ അംഗം അഡ്വ.ജി.രാമൻ നായർ, സംസ്ഥാന സമിതി അംഗങ്ങളായ ബി.രാധാകൃഷ്ണ മേനോൻ, കെ.ജി രാജ്‌മോഹൻ, അഡ്വ.പി.ജെ.തോമസ്, എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, എൽ.പദ്മകുമാർ, അഡ്വ.നോബിൾ മാത്യു, എസ്.ജയസൂര്യൻ, എം.സുനിൽ, എൻ.ഹരി, എൻ.പി.കൃഷ്ണകുമാർ, ടി.എൻ.ഹരികുമാർ, വി.എൻ.മനോജ്, നീറിക്കാട് കൃഷ്ണകുമാർ, മേഖല ട്രഷറർ പി.ഡി.രവീന്ദ്രൻ, പി.ജി.ബിജുകുമാർ, എസ്.രതീഷ്, വിവിധ മോർച്ച ജില്ലാ ഭാരവാഹികളായ ദേവകി , ജയപ്രകാശ് വാകത്താനം, മിത്രലാൽ തുടങ്ങിയവർ പങ്കെടുത്തു.