കോട്ടയം : പതിനെട്ടു വർഷം മുമ്പ് കാണാതായ പിതാവിനെ തേടി മകൻ സുരേഷും ബന്ധുക്കൾ നവജീവനിലെത്തി. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പിതാവിനെ കണ്ട സുരേഷിനും മറ്റു ബന്ധുക്കൾക്കും സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ആന്ധ്രയിലെ നെല്ലൂർ ജില്ലയിലെ കോവൂർ സ്വദേശിയായ 75 കാരൻ സുബ്ബറാവുവിനെ തേടിയാണ് ബന്ധുക്കളെത്തിയത്. കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും പലയിടത്തും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന സുബ്ബറാവു പലപ്പോഴും വീടുവിട്ട് പോയിട്ടുണ്ട്. എന്നെങ്കിലുമൊരിക്കൽ വീട്ടിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കൾ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് സുബ്ബറാവു കോട്ടയത്തെത്തിയത്. സ്വന്തം വീടോ നാടോ ഒന്നും ഓർമ്മയില്ലാതിരുന്ന ഇദ്ദേഹത്തെ ചില സന്നദ്ധ പ്രവർത്തകരാണ് ഇക്കഴിഞ്ഞ ജൂണിൽ നവജീവനിലെത്തിച്ചത്. മനോരോഗ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം വീടിനെക്കുറിച്ചും നാടിനെക്കുറിച്ചും ഏകദേശ ഓർമ്മ വന്ന സുബ്ബറാവുവിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞാണ് ആന്ധ്രയിലെ നെല്ലൂരാണ് സ്വദേശമെന്ന് അറിയാനായത്. തുടർന്ന് നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു.തോമസിന്റെ നിർദ്ദേശപ്രകാരം സന്നദ്ധപ്രവർത്തകനായ വില്യംസ് ആന്ധ്രയിലെത്തി ബന്ധുക്കളെ കണ്ടെത്തി വിവരങ്ങൾ അറിയിക്കുകയായിരുന്നു. എല്ലാവരോടും നന്ദി അറിയിച്ച് സുബ്ബറാവു ബന്ധുക്കളോടൊപ്പം മടങ്ങി.