കോട്ടയം : കടുത്ത വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ നഗരമദ്ധ്യത്തിൽ പോസ്റ്റ് ഓഫീസ് റോഡിന് പിന്നിൽ പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് വെള്ളം പാഴാകുന്നു. തിരുനക്കര പഴയ സ്റ്റാൻഡിൽ നിന്ന് ഇറങ്ങി വരുന്ന ഭാഗത്താണ് വെള്ളം ഒഴുകുന്നത്. ചില ദിവസങ്ങളിൽ വലിയ തോതിൽ വെള്ളക്കെട്ടും രൂപപ്പെടാറുണ്ട്. നഗരമദ്ധ്യത്തിൽ ഇത്തരത്തിൽ വെള്ളം പാഴായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. അടുത്തകാലത്താണ് റോഡിന്റെ മറുവശത്ത് പൈപ്പ് പൊട്ടി വലിയ തോതിൽ വെള്ളക്കെട്ട് റോഡിൽ രൂപപ്പെടുകയും ജലഅതോറിറ്റി ഉദ്യോഗസ്ഥരെത്തി പൈപ്പ് പൊട്ടൽ പരിഹരിച്ചതും. വെള്ളം റോഡരികിലൂടെ പരന്ന് ഒഴുകുന്നത് കാൽനടയാത്രികരെയാണ് ബുദ്ധിമുട്ടിക്കുന്നത്.

ദേഹത്ത് ചെളി അഭിഷേകം

ദിനംപ്രതി നൂറ് കണക്കിന് ബസുകൾ കടന്നു പോകുന്ന റോഡായതിനാൽ കാൽനടയാത്രികരുടെ ദേഹത്തെയ്ക്ക് വെള്ളം വീഴുന്നതിനും ഇടയാക്കുന്നു. പഴയ സ്റ്റാൻഡിൽ ഇറങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും ഓഫീസുകളിലേക്കും പോകുന്നവർ നിരവധിയാണ്. ഇടയ്ക്ക് മഴ ആശ്വാസമായി എത്തുന്നുണ്ടെങ്കിലും കുടിവെള്ള ക്ഷാമം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമാണ്.