മുണ്ടക്കയം : കൂട്ടിക്കൽ - ഇളങ്കാട് റോഡിലെ ഇളങ്കാട് ടൗൺ പാലം പുനർർമ്മിക്കുന്നതിന് 68 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. നിലവിൽ 39 ബസ് സർവീസുകൾ ഉണ്ടായിരുന്ന ഇളങ്കാട് റൂട്ടിൽ പാലം തകർന്നതോടെ ബസ് സർവീസും മറ്റ് വാഹനഗതാഗത സൗകര്യങ്ങളും നിലച്ചതിനാൽ ജനങ്ങൾ ദുരിതത്തിലായിരുന്നു. നിലവിലുണ്ടായിരുന്ന 6 മീറ്റർ നീളത്തിലുള്ള പഴയ പാലത്തിന് പകരം 10.90 മീറ്റർ നീളവും 7.60 മീറ്റർ വീതിയോടെ, ഫുട്പാത്തും ഉൾപ്പെടെയാണ് പുതിയപാലം നിർമ്മിക്കുക. അധികജലം വന്നാലും പാലത്തിനു മുകളിലൂടെ കയറി ഒഴുകി പോകാവുന്നവിധം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മാണം.