എരുമേലി : കൊച്ചുതോട്ടിലെ മാലിന്യം നീക്കൽ കരാറുകാരന് ഫണ്ട് തട്ടാനുള്ള പ്രഹസനമായി മാറുന്നു. എരുമേലി ടൗണിന് സമീപം സ്ഥിതി ചെയ്യുന്ന തോടിന്റെ ശുചീകരണത്തിലാണ് ഒരു ഭാഗത്ത് വൃത്തിയാക്കലും മറ്റൊരു ഭാഗത്ത് പേരിന് വൃത്തിയാക്കലും നടന്നതായി ആക്ഷേപം ഉയർന്നത്. വലിയ തോടിന്റെ ശുചീകരണം ആരംഭിച്ചതിലും തട്ടിപ്പ് നടന്നെന്നാണ് പരാതി. ജനപ്രതിനിധികളും ഓട്ടോ - ടാക്സി ഡ്രൈവർമാർ ഉൾപ്പടെ പരാതികൾ ഉന്നയിച്ചതോടെയാണ് വൻതട്ടിപ്പ് പുറത്താകുന്നത്. കൊച്ചുതോട്ടിൽ പഞ്ചായത്ത് ഫണ്ട് ചെലവിട്ട് നടത്തിയ ശുചീകരണം കാര്യക്ഷമമാണെന്ന് നാട്ടുകാർ പറയുന്നു. അതേസമയം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നടത്തിയ പണികളിലാണ് അഴിമതി നടന്നിരിക്കുന്നത്. മാലിന്യങ്ങൾ വാരി നീക്കുകയോ തോടിന്റെ വശങ്ങളിലെ കാടുകൾ വെട്ടി മാറ്റുകയോ ബ്ലോക്ക് ഫണ്ടിലെ പ്രവൃത്തികളിൽ നടന്നിട്ടില്ലെന്നാണ് പരാതി. അതേസമയം ഇതിന് കുറച്ച് തുകയാണ് അനുവദിച്ചതെന്നും കൂടുതൽ തുക സംരക്ഷണ ഭിത്തി നിർമ്മാണത്തിനാണ് ചെലവിടുന്നതെന്നുമാണ് കരാറുകാരൻ പറയുന്നത്.
അനുവദിച്ചത് 4 ലക്ഷം
വലിയ തോട്ടിൽ വലിയമ്പലം മുതൽ റോട്ടറി ക്ലബ് പടി പാലം വരെ ഒരു കിലോമീറ്ററോളം ദൂരമാണ് നാല് ലക്ഷം രൂപ അനുവദിച്ച് ശുചീകരണ കരാർ നൽകിയത്. ഇത്രയും ഭാഗത്ത് വലിയ തോട്ടിലെ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.