എരുമേലി : ഒരേ സമയം അഞ്ഞൂറോളം പേർക്ക് ഭക്ഷണം കഴിക്കാനും, വിശ്രമിക്കാനും സൗകര്യമുള്ള വിപുലമായ അന്നദാന സമുച്ചയം ഉൾപ്പെടെ 15 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തുടങ്ങി. ഇതിനായി അഞ്ച് പതിറ്റാണ്ടോളം പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കിയാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. കിഫ്ബിയിൽ നിന്നാണ് തുക അനുവദിച്ചത്. ജനുവരിയിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചിരുന്നു. അന്നദാന കേന്ദ്രത്തോടൊപ്പം 16 മുറികൾ ഉൾപ്പെടുന്ന അതിഥി മന്ദിരവും നിർമ്മിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ അറിയിച്ചു. ക്ഷേത്രത്തിൽ എത്തുന്ന വി.ഐ.പികൾക്കും മറ്റുമുള്ള വിശ്രമസൗകര്യം മുൻനിറുത്തിയാണ് വിപുലമായ സൗകര്യങ്ങൾ നിറഞ്ഞ അതിഥി മന്ദിരം നിർമ്മിക്കുന്നത്. ഇതിനു പുറമെ വിപുലമായ വാഹന പാർക്കിംഗ് സൗകര്യവുമുണ്ടാകും.
തീർത്ഥാടകരുടെ പ്രധാന ഇടത്താവളം
ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് എരുമേലി. പതിനായിരക്കണക്കിന് ഭക്തരാണ് മണ്ഡല - മകരവീളക്ക് സീസണിൽ ഇവിടെ ദർശനത്തിനായി എത്തുന്നത്. എന്നാൽ ഇതിന് അനുസരിച്ചുള്ള സൗകര്യങ്ങളില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ശബരിമല മാസ്റ്റർ പ്ലാനിൽ എരുമേലിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തോട് അനുബന്ധിച്ച് കൂടുതൽ വികസന പ്രവൃത്തികൾ ഉൾപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. അയ്യപ്പ ഭക്തർക്ക് സ്നാനം നടത്താൻ വിപുലമായ സൗകര്യങ്ങളും വലിയ തോട്ടിൽ ജല ശുദ്ധീകരണ പ്ലാന്റും ഇതിൽ പ്രധാനമാണ്.
സൗകര്യങ്ങൾ പരിമിതമായ കെട്ടിടങ്ങളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇവ പൊളിച്ചു മാറ്റിയാണ് പുതിയ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്
വിജയമോഹൻ, ദേവസ്വം ബോർഡ് അസിസ്റ്റന്റ് എൻജിനിയർ