കോട്ടയം : മാലിന്യം കുന്നൂകൂടിയതോടെ നഗരത്തിലെ മൂടിയില്ലാ ഓടകളിൽ നിന്ന് പരക്കുന്നത് ദുർഗന്ധം. നാഗമ്പടം, കഞ്ഞിക്കുഴി, ഈരയിൽക്കടവ് മനോരമ റോഡ്, കഞ്ഞിക്കുഴി, മാർക്കറ്റ് റോഡ് തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലാണ് ഓടകൾക്ക് മൂടിയില്ലാത്തത്. നാഗമ്പടം നെഹ്‌റു പാർക്കിനും നാഗമ്പടം മൈതാനത്തിനും ഇടയിലുള്ള ഭാഗത്തെയും നാഗമ്പടം സ്റ്റാൻഡിനു സമീപത്തെയും ഓടകൾ തുറന്ന് കിടക്കുകയാണ്. ഒരുഭാഗത്ത് ഓടക്ക് മൂടിയുണ്ടായിരുന്നെങ്കിലും അത് എടുത്ത് മാറ്റിയ നിലയിലാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാലിന്യമാണ് ഈ ഓടയിലൂടെ ഒഴുകുന്നത്. കറുത്ത നിറത്തിലുള്ള മലിനജലമാണ് ഒഴുകുന്നത്. ഓടകളിൽ പകുതിയും മണ്ണും മാലിന്യങ്ങളും മൂലം അടഞ്ഞതും ഓടയുടെ സുഗമമായ ഒഴുക്കിനെയും തടസ്സപ്പെടുത്തുന്നു.മലിനവെള്ളം പലയിടങ്ങളിലും കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇതിൽ കൊതുകുകൾ അടക്കം പെറ്റ് പെരുകുകയാണ്.
മലിനജലം പുറത്തേയ്ക്ക്
മൂടിയില്ലാത്ത ഓടക്ക് സമീപം ചെറിയ കടകളും മറ്റും പ്രവർത്തിക്കുന്നുണ്ട്. ഓടയിൽനിന്ന് ഉയരുന്ന ദുർഗന്ധം സഹിച്ചുവേണം കടയിലെത്തുന്നവർക്കും നിൽക്കാൻ. ഇടയ്ക്ക് പെയ്യുന്ന വേനൽമഴയിൽ ഓടനിറഞ്ഞ് മലിനജലം പുറത്തേയ്ക്ക് ഒഴുകുന്നതിനും ഇടയാക്കുന്നു. മാലിന്യ നിക്ഷേപത്തിനും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനുമാണ് പലരും ഓടകൾ ഉപയോഗിക്കുന്നത്.
കാൽനടയാത്രക്കാർക്ക് കെണി
അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഓടയുടെ മൂടികൾ കാൽനടയാത്രക്കാർക്കും അപകട ഭീഷണിയാകുന്നുണ്ട്. കണ്ണ് തെറ്റിയാൽ മലിനയജലം നിറഞ്ഞ ഓടയിലേക്കാകും വീഴുക. യഥാസമയം ഓടകളുടെ നവീകരണ പ്രവർത്തനങ്ങൾ നടത്താത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഓടകൾക്ക് സമീപത്തെ റോഡുകളിൽ സംരക്ഷണ ഭിത്തി ഇല്ലാത്തതും അപകടത്തിന് ഇടയാക്കുന്നുണ്ട്.