കോട്ടയം : ദ്വിദിന പണിമുടക്കിന് ശേഷം നഗരം വീണ്ടും ഗതാഗതക്കുരുക്കിൽ മുറുകി. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിനങ്ങളായി നടന്നിരുന്ന പണിമുടക്കിൽ നഗര - ഗ്രാമ വീഥികൾ തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. സ്വകാര്യ ബസുകളും പണിമുടക്ക് പിൻവലിച്ച് നിരത്തിലിറങ്ങിയതോടെ കുരുക്ക് ഇരട്ടിയായി. മണിപ്പുഴ, സിമന്റ് കവല, കോടിമത, പുളിമൂട് ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ, നാഗമ്പടം പാലം, കഞ്ഞിക്കുഴി, കളക്ടറേറ്റ്, മണർകാട്, മാർക്കറ്റ് എന്നിവിടങ്ങളിൽ കുരുക്ക് രൂക്ഷമായിരുന്നു. നഗരം കടന്ന് കിട്ടാൻ മണിക്കൂറുകളാണ് കാത്തുനിന്നത്. അനധികൃത പാർക്കിംഗും കുരുക്കിന് ആക്കം കൂട്ടി. രാവിലെയും വൈകിട്ടുമായിരുന്നു ഗതാഗതക്കുരുക്ക് രൂക്ഷം.