കോട്ടയം: സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കായി ജില്ലാ തലത്തിൽ ആദ്യമായി ഏർപ്പെടുത്തിയ വനമിത്ര പുരസ്‌ക്കാരം എം.ജി സർവകലാശാലയ്ക്ക്. പരിസ്ഥിതിവന സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സംസ്ഥാന വനംവകുപ്പ്, പുരസ്‌ക്കാരത്തിന് എം.ജി സർവ്വകലാശാലയെ തെരഞ്ഞെടുത്തത്. കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനിൽ നിന്ന് രജിസ്ട്രാർ ഡോ. പ്രകാശ് കുമാർ ബി. പുരസ്‌കാരം ഏറ്റുവാങ്ങി. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, സിൻഡിക്കേറ്റ് അംഗം ഡോ. ബി. കേരളവർമ്മ, എസ്റ്റേറ്റ് ഓഫീസർ എം.കെ. സജി, യൂണിവേഴ്‌സിറ്റി യൂണിയൻ സെക്രട്ടറി അൻഷിദ്, മറ്റ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.