adakka

കോട്ടയം. അടയ്ക്കയ്ക്ക് വില വർദ്ധിച്ചതോടെ, പുകയില ഉത്പന്നങ്ങളിൽ പനംകുരു ഉപയോഗിക്കുന്നത് വ്യാപകമായി. പന ഉടമസ്ഥരിൽ നിന്ന് കച്ചവടക്കാർ കിലോക്കണക്കിനാണ് പനംകുരു വാങ്ങിക്കൊണ്ടുപോകുന്നത്.

സീസൺ അവസാനിക്കാറായതോടെ അടയ്ക്ക വില വർദ്ധിച്ചിരുന്നു. തൊണ്ടില്ലാത്ത കൊട്ടടയ്ക്ക കിലോയ്ക്ക് 350 രൂപയാണ്. പഴുത്ത അടയ്ക്ക ഒന്നിന് 6 രൂപയും. അതേസമയം കിലോയ്ക്ക് 80 രൂപ കൊടുത്താൽ ഉണങ്ങിയ പനംകുരു കിട്ടും. വെറ്റില മുറുക്കിനാണ് പഴുക്ക ഉപയോഗിക്കുന്നത്. ഇതിന്റെ ലഭ്യതകുറഞ്ഞതോടെയാണ് പനംകുരു രംഗത്തു വന്നത്.

ദോഷകരവും ഉപയോഗശൂന്യവുമായ പനംകുരു അടക്കയ്ക്ക് പകരമായി പാക്ക് ഉത്പാദന, വിപണന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നു. ഒട്ടേറെ ശാരീരിക പ്രശ്നങ്ങൾ പനംകുരുവിന്റെ ഉപയോഗം മൂലം ഉണ്ടാകാം. മലപ്പുറമാണ് പനംകുരുവിന്റെ പ്രധാന മാർക്കറ്റ്.

കമുക് കൃഷി കുറഞ്ഞു.

ജില്ലയിൽ നെടുംകുന്നം, മണിമല, കടുത്തുരുത്തി, ഉഴവൂർ മേഖലയിലാണ് കൂടുതലായി കമുക് കൃഷിയുള്ളത്. പെരുമ്പാവൂരിലാണ് അടയ്ക്കയുടെ പ്രധാന മാർക്കറ്റ്. യു.പി, ബീഹാർ, ഡൽഹി, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലേയ്ക്കാണ് കൊട്ടടയ്ക്ക കയറ്റുമതി ചെയ്യുന്നത്. ഇവിടെ നിന്ന് സുഗന്ധവുമൊക്കെ ചേർത്ത് വ്യത്യസ്തമായ പാക്ക് ഉത്പന്നങ്ങളായി വിപണിയിൽ തിരികെ എത്തും. മുൻകാലങ്ങളിലെ പോലെ കമുക് കൃഷി ഇപ്പോൾ വ്യാപകമായില്ല. ഒരു പുരയിടത്തിൽ പത്തോ പതിനഞ്ചോ കമുകുകളേ സാധാരണ കാണാറുള്ളൂ.

ജില്ലാ ഭക്ഷ്യോപദേശക സമിതി അംഗം എബി ഐപ്പ് പറയുന്നു.

നാട്ടിൻപുറങ്ങളിലെ പുരയിടങ്ങളിലും മറ്റും ഉപയോഗശൂന്യമായി നിൽക്കുന്ന പനകുരു വാങ്ങുന്നതിന് നിരവധി പേർ എത്തുന്നുണ്ട്. അധികൃതർ കൃത്യമായി പരിശോധന നടത്തി നടപടി സ്വീകരിക്കാത്തതാണ് ഇത്തരത്തിലുള്ള ഉത്പന്നങ്ങളുടെ വിപണനം വ്യാപകമാകുന്നതിന് കാരണം.