മുണ്ടക്കയം ഈസ്റ്റ്: ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിലെ ഇ.ഡി.കെ ഡിവിഷനിൽ പുലിയെ പിടികൂടാൻ വീണ്ടും കൂട് സ്ഥാപിച്ച് വനംവകുപ്പ്.
ഇ.ഡി.കെ ഒന്നാം ഭാഗത്ത് ഇടംപാടത്ത് ഷൈനിയുടെ പശുവിനെ കഴിഞ്ഞദിവസം എസ്റ്റേറ്റിനുള്ളിൽ കടിച്ചു കീറി കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു.
പശു കിടാവിന്റെ കഴുത്തിൽ നഖങ്ങൾ ആഴ്ന്നിറങ്ങിയ പാടുകളുണ്ട്. പുലി തന്നെയാണ് പശുവിനെ കൊന്നതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് മേഖലയിൽ കൂട് സ്ഥാപിച്ചത്. വ്യാഴാഴ്ചയും പുലി ഇറങ്ങി പശുക്കളെ ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. തേക്കടിയിൽ നിന്നാണ് വനംവകുപ്പ് കൂട് കൊണ്ടുവന്നത്.
കുടുങ്ങതെ പുലി
ചെന്നാപ്പാറയുടെ വിവിധ മേഖലകളിൽ വനംവകുപ്പ് കൂടി സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല. ഇതേതുടർന്നാണ് കഴിഞ്ഞദിവസം പുലിയിറങ്ങിയ ഇ. ഡി. കെ ഒന്നാം ഭാഗത്ത് കൂട് സ്ഥാപിച്ചത്. പുലി തുടർച്ചയായി കാടിറങ്ങുന്നത് മലയോരമേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.