
□വി.ഡി.സതീശനോട് പറഞ്ഞിട്ടും ഫലമില്ല
കോട്ടയം: യു.ഡി.എഫ് നേതൃത്വം നിരന്തരം തഴയുകയാണെന്ന പരാതിയുമായി എൻ.സി.കെ. നേതാവ് മാണി സി. കാപ്പൻ എം.എൽ.എ. ഇക്കാര്യം പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പാലായിൽ പറഞ്ഞു.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട യു.ഡി.എഫ് സംഘത്തിൽ ഉൾപ്പെടുത്താത്തതിൽ നേരത്തേ കാപ്പൻ പരസ്യ പ്രതികരണം നടത്തിയിരുന്നു. യു.ഡി.എഫ് സംഘം സിൽവർ ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് മാടപ്പള്ളിയിലേക്കു പോയപ്പോഴും വിളിച്ചില്ല.
"മുന്നണിയുമായല്ല പ്രശ്നങ്ങൾ, ഒരു നേതാവിന് എന്നോട് വ്യക്തിപരമായി പ്രശ്നമുണ്ട്.
യു.ഡി.എഫ് വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. നടപടിയുണ്ടായില്ല. അനൂപ് ജേക്കബിനും സമാന പരാതിയുണ്ട്. ഇതിന്റെ പേരിൽ ഇടതു മുന്നണിയിലേക്ക് പോകുമെന്ന് കരുതേണ്ടതില്ല." -കാപ്പൻ പറഞ്ഞു.
'മാണി സി. കാപ്പൻ പറഞ്ഞത് യു.ഡി.എഫിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്. അവിടെ നിന്ന് കാപ്പനെ അടർത്തിയെടുക്കേണ്ട സാഹചര്യമില്ല'.
- മന്ത്രി എ.കെ.ശശീന്ദ്രൻ
'കാപ്പനുണ്ടായ ബുദ്ധിമുട്ട് ചർച്ച ചെയ്ത് പരിഹരിക്കണം'.
-പി.ജെ.ജോസഫ്
'ആരെയെങ്കിലും തഴയുന്ന സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തും '.
-ഉമ്മൻ ചാണ്ടി.
'എനിക്കും പരാതിയുണ്ടെന്ന കാപ്പന്റെ ആരോപണം ശരിയല്ല'.
- അനൂപ് ജേക്കബ്