
കോട്ടയം. കൊവിഡിന്റെ ആഘാതത്തിൽ നടുവൊടിഞ്ഞുകിടക്കുന്ന സാധാരണക്കാർക്കുമേൽ ബസ് ചാർജ് വർദ്ധന അടക്കമുള്ള സർക്കാരിന്റെ അധിക പ്രഹരത്തിന് ഇന്നുതുടക്കം. സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനും ദിവസവും വർദ്ധിപ്പിക്കുന്ന ഇന്ധന വിലയ്ക്കും പുറമേ ബസ്, ടാക്സി നിരക്ക് വർദ്ധനവും ഇന്നു നടപ്പിൽ വരും.
ബസ് ചാർജ് മിനിമം രണ്ടു രൂപയുടെ വർദ്ധനയാണെങ്കിലും ഫെയർ സ്റ്റേജ് രണ്ടര കിലോമീറ്ററിന് മാത്രമാണ് മിനിമം നിരക്കായ പത്തു രൂപ. നേരത്തേ അഞ്ചു കിലോമീറ്റർ വരെ മിനിമം നിരക്കിൽ യാത്ര ചെയ്യാമായിരുന്നത് കൊവിഡ് കാലത്ത് രണ്ടരക്കിലോമീറ്ററായി കുറച്ചത് നിലനിറുത്തിയാണ് ബസ് ചാർജ് കൂട്ടിയത്. ഫലത്തിൽ ഇത് മിനിമം നിരക്കിന് ശേഷം വലിയ തോതിൽ വർദ്ധിക്കും. കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിനു മുകളിൽ യാത്രാ നിരക്കിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചത് പിൻവലിക്കുകയും ചെയ്തു.
ഓട്ടോ നിരക്ക് മിനിമം 25 രൂപയിൽ നിന്ന് 30 ആക്കിയാണ് സർക്കാർ ഉയർത്തിയത്. മുമ്പേ വാങ്ങിയിരുന്നത് ഇതിലും കൂടുതലായിരുന്നു. രണ്ട് കിലോമീറ്റർ വരെ മിനിമം 30 രൂപ എന്നാക്കിയെങ്കിലും അങ്ങോട്ടുമിങ്ങോട്ടുമുള്ള ദൂരം കണക്കാക്കി ചാർജ് ഈടാക്കുമെന്നതിനാൽ ഫലത്തിൽ നിരക്ക് വളരെ വർദ്ധിക്കും. ടാക്സി ചാർജ് 175ൽ നിന്ന് 200 ആക്കി. 250 വരെയായിരുന്നു പലരും മിനിമം വാങ്ങിയിരുന്നത്.
വില്ലേജ് ഓഫീസുകളിൽ അടക്കേണ്ട വസ്തുക്കരം ഇന്നുമുതൽ ഇരട്ടിയാകും. പഞ്ചായത്തിലും നഗരസഭയിലും കോർപ്പറേഷനിലും ആനുപാതിക വർദ്ധനയുണ്ട്. ഭൂമിയുടെ ന്യായവിലയിലും പത്തു ശതമാനം വർദ്ധന ഇന്നു പ്രാബല്യത്തിൽ വരും. വസ്തു വാങ്ങുന്നവർക്ക് ചെലവുകൂടും.
വൈദ്യുതി നിരക്ക് വർദ്ധന ഇന്നില്ലെങ്കിലും കുടിവെള്ള നിരക്ക് അഞ്ച് ശതമാനം വർദ്ധിക്കും.
ഒരാഴ്ചക്കുള്ളിൽ പെട്രോളിനും ഡീസലിനും ഏഴുരൂപയോളം വർദ്ധിച്ചു. ഇനിയും ഉയരുമെന്നാണ് സൂചന. ഇതിന്റെ തുടർച്ചയായി അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കു ലോറി വാടക കൂടുന്നതോടെ നിത്യോപയോഗ സാധന വില കുതിച്ചുയർന്നേക്കും. ഇന്ധന വിലയുടെ തുടർച്ചയായി സിമന്റ് അടക്കം ഗൃഹനിർമാണ വസ്തുക്കളുടെ വിലയിലും വർദ്ധനവുണ്ടാകും.