
പത്തനംതിട്ട. എം.ജി.സർവകലാശാല കലോത്സവത്തിന്റെ തുടക്കമറിയിച്ച് നഗരത്തിൽ അലങ്കാര ദീപങ്ങൾ തെളിഞ്ഞു. ജില്ലാ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ ഇന്നലെ രാത്രി ഏഴിന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ സ്വിച്ച് ഒാൺ കർമ്മം നിർവഹിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സാംസ്കാരിക ഘോഷയാത്രയോടെ 'വേക്കപ്പ് കാൾ' പൂരത്തിന് തിരി തെളിയും. ജില്ലയുടെ കലാരൂപങ്ങൾക്ക് പുറമേ പഞ്ചവാദ്യം, പടയണിക്കോലങ്ങൾ, പുലികളി, മയൂരനൃത്തം, പമ്പമേളം, ബാൻഡ് സെറ്റ്, നിശ്ചല ദൃശ്യങ്ങൾ, തെയ്യം തുടങ്ങിയവയും അണിനിരക്കും. ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾ കേരളീയ വേഷത്തിൽ ഘോഷയാത്രയിൽ അണിനിരക്കും. അബാൻ ജംഗ്ഷൻ, ടൗൺ, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി ജില്ലാ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ സമാപിക്കും. കേരളീയ വേഷത്തിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഘോഷയാത്രയിൽ പങ്കെടുക്കും. രണ്ടുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടുണരുന്ന കലോത്സവത്തിന് വേദിയാകാൻ നഗരം ഒരുങ്ങി.
ഏഴ് വേദികളിലായി 61 മത്സരയിനങ്ങളാണുള്ളത്. പത്തനംതിട്ട, എറണാകുളം , ഇടുക്കി, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള മുന്നൂറിൽപ്പരം കോളേജുകളിൽ നിന്നായി പതിനായിരത്തോളം പ്രതിഭകളാണ് കഴിവിന്റെ മാറ്റുരയ്ക്കാൻ കലോത്സവവേദിയിൽ അണിനിരക്കുന്നത്.
ആൺപെൺ വിഭാഗങ്ങളിലായി മത്സരങ്ങളുള്ള എല്ലാ ഇനങ്ങളിലും ഇത്തവണ ട്രാൻസ്‌ജെൻഡേഴ്‌സ് വിഭാഗം കൂടി ഉണ്ടാകും.
നവ്യാനായർ, ഉണ്ണിമുകുന്ദൻ, സ്റ്റീഫൻ ദേവസ്യ എന്നിവർ ചേർന്ന് കലോത്സവത്തിന് തിരിതെളിയിക്കും. മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിക്കും. സ്റ്റീഫൻ ദേവസ്യയുടെ സംഗീത വിരുന്നുമുണ്ടാകും. ഉദ്ഘാടന ചടങ്ങിന് ശേഷം തിരുവാതിരകളി ജില്ലാ സ്റ്റേഡിയത്തിലും ഗ്രൂപ്പ് സോംഗ് റോയൽ ഓഡിറ്റോറിയത്തിലും കേരളനടനം കോളേജ് ഓഡിറ്റോറിയത്തിലുമായി അരങ്ങേറും.
കലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് വർക്കിംഗ് ചെയർമാൻ അഡ്വ.റോഷൻ റോയ് മാത്യു, ജനറൽ കൺവീനർ ശരത് ശശിധരൻ, യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർമാൻ സ്റ്റേനി മേരി എബ്രഹാം, കൺവീനർ അമൽ എബ്രഹാം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.