
തിരുവനന്തപുരം: സംരക്ഷിത വനമേഖലകൾക്കുചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പേപ്പാറ, നെയ്യാർ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള 70.9 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല മേഖലയാക്കിയത്. തലസ്ഥാന ജില്ലയിലെ അമ്പൂരി, വിതുര, കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം ഇപ്പോൾ കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചതോടെ പ്രദേശത്ത് കർശന നിയന്ത്രണങ്ങളാണ് ഇനിമുതൽ ഉണ്ടാവുക. വനാതിർത്തിയിൽ നിന്ന് ഒരുകിലോമീറ്റർ ചുറ്റളവിലുളള സ്ഥലങ്ങളിലായിരിക്കും കൂടുതൽ നിയന്ത്രണങ്ങൾ . ഈ പ്രദേങ്ങളിൽ ക്വാറികൾ, തടിമില്ലുകൾ, മരംവെട്ടൽ, ഹോട്ടലുകൾ, റിസോർട്ടുകൾ, മറ്റുനിർമ്മിതികൾ, വ്യവസായങ്ങൾ എന്നിവയ്ക്ക് കർശന നിയന്ത്രണമുണ്ടാവും. പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഇപ്പോഴുള്ള നിർമ്മിതിയോട് ചേർന്ന് മറ്റ് നിർമ്മിതികൾ നടത്തുന്നതിനും പ്രത്യേക അനുമതി ആവശ്യമുണ്ട്. വനപ്രദേശങ്ങളോട് അടുത്ത് നിർമ്മാണങ്ങൾക്കും മറ്റുമായി ഇപ്പോൾ തന്നെ ശക്തമായ നിയന്ത്രണങ്ങളുണ്ട്. കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനംകൂടി വന്നതോടെ നിയന്ത്രണങ്ങൾ ഒന്നുകൂടി കർശനമാകും. കേരളത്തിൽ വനമേഖലയ്ക്ക് ചുറ്റുമുളള പ്രദേശങ്ങൾ പലതും ജനവാസ മേഖലകളാണ് എന്നതാണ് ഏറെ പ്രശ്നം. ഇവിടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നത് ജനങ്ങളെ ഏറെ ബാധിക്കുമെന്നാണ് ചൂങ്ങിക്കാണിക്കുന്നത്.
കരടുവിജ്ഞാപനമാണ് ഇപ്പോൾ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ എന്തെങ്കിലും ആക്ഷേപമുള്ളവർക്ക് രണ്ടുമാസത്തിനുള്ളിൽ തങ്ങളുടെ പരാതികളും അഭിപ്രായങ്ങളും അറിയിക്കാം. ഇതിൽ കഴമ്പുണ്ടെങ്കിലും പരിഗണിക്കും എന്നുമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.