
ന്യൂഡൽഹി: കെ - റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളുകയായിരുന്നു. സർവേയിൽ തെറ്റ് എന്താണെന്ന് ചോദിച്ച സുപ്രീം കോടതി സാമൂഹ്യ ആഘാത പഠനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബഞ്ചിനെ നിശിതമായി വിമർശിക്കുകയും ഡിവിഷൻ ബെഞ്ചിന്റെ നടപടി ശരിവയ്ക്കുകയും ചെയ്തു. ബൃഹത്തായ പദ്ധതിയുടെ സർവേ തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കെ - റെയിലിനെതിരെ മുന്നണിയിൽ നിന്നുൾപ്പടെ പലഭാഗത്തുനിന്നും കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിൽ ഇന്നത്തെ സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് ആശ്വാസമാണ്. പ്രതിഷേധം ശക്തമായതോടെ പദ്ധതിക്കുവേണ്ടിയുള്ള കല്ലിടൽ തൽക്കാലം അവസാനിപ്പിച്ചിരിക്കുകയാണ്. പദ്ധതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാൻ വീടുവീടാന്തരം കയറിയിറങ്ങുന്ന പാർട്ടി പ്രവർത്തകരോട് രൂക്ഷമായ ഭാഷയിലാണ് ജനങ്ങൾ പ്രതികരിക്കുന്നത്.
അതേസമയം, കെ - റെയിൽ പദ്ധതിയുടെ കാര്യത്തിൽ കേരള സർക്കാരിന് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എം സംസ്ഥാന നേതൃത്വവും സർക്കാരും വിഷയം നന്നായി കൈകാര്യം ചെയ്യുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം സംതൃപ്തരാണ്. പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ചകൾ നടക്കുകയാണ്. അത് എങ്ങനെ പോകുന്നുവെന്ന് നോക്കാം.പദ്ധതിക്കെതിരായ പ്രതിഷേധം സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന് ഇടപെടേണ്ട കാര്യമില്ല. സംസ്ഥാന നേതൃത്വം മാർഗ നിർദ്ദേശം തേടിയാൽ മാത്രമേ ഇടപെടാനാകൂ. പ്രതിഷേധങ്ങളിൽ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടോ എന്നത് സംസ്ഥാന സർക്കാരാണ് പരിശോധിക്കേണ്ടതുണ്ടെന്നും യെച്ചൂരി പറഞ്ഞു.