court

കൊച്ചി: വർക്കലയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കീഴ്‌കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ആറു പേരെ ഹൈക്കോടതി വെറുതെ വിട്ടു. ഡി എച്ച് ആർ എം സംസ്ഥാന ചെയർമാൻ ഉൾപ്പടെ ഏഴുപേർ പ്രതിയായ കേസിലാണ് കോടതിയുടെ നടപടി. ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്‌കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. അതേസമയം, അഞ്ചാം പ്രതി സുധി നാരായണന്റെ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. ആറു പ്രതികള്‍ കുറ്റം ചെയ്‌തെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ചൂണ്ടിക്കാട്ടി.

ഡി എച്ച് ആർ എം എന്ന സംഘടനയുടെ ശക്തി ജനങ്ങളുടെ ശ്രദ്ധയിൽകൊണ്ടുവരുന്നതിനുവേണ്ടിയാണ് കൊലനട‌ത്തിയതെന്ന് പ്രതികൾ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. 2009 സെപ്തംബര്‍ 23ന് രാവിലെ 5.30നാണ് വര്‍ക്കല അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ വെട്ടിക്കൊലപ്പെടുത്തിയത്.കൊലപാതകത്തിന് പിന്നാലെ അയിരൂരിനു സമീപം മാവിളക്കുന്നിൽ ചായക്കട ഉടമ അശോകനെയും അക്രമികൾ വെട്ടി പരിക്കേൽപിച്ചിരുന്നു. കടയിലെത്തി സിഗരറ്റ് ചോദിച്ച് എടുക്കാനായി തിരിഞ്ഞപ്പോൾ വെട്ടുകയായിരുന്നു. വർക്കലയിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രതികളുടെ ആക്രമണങ്ങളും കൊലപാതകവും.