jail

പോംയാങ് : ദിവസംമുഴുവൻ മുട്ടുകുത്തിയോ സാങ്കല്പിക കസേരയിലോ ഇരിക്കണം. ഒരുമണിക്കൂർ കഴിയുമ്പോൾ കഷ്ടിച്ച് ഒരുമിനിട്ട് കാലുകൾ നിവർത്താൻ അനുവദിക്കും. അതുകഴിഞ്ഞാൽ വീണ്ടും പഴയതുപോലെ. ഉറങ്ങാതിരിക്കാൻ ജയിൽ ഗാർഡുമാർ ഊഴംവച്ച് കാവലിരിക്കും. ഇടയ്ക്കിടെ സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൂർണ നഗ്നരാക്കി ദേഹ പരിശോധന. സ്ത്രീകളുടെ ജനനേന്ദ്രിയത്തിനുള്ളിലും മലദ്വാരത്തിനുള്ളിലും വരെ പുരുഷ ഗാർഡുമാർ പരിശോധിക്കും. ഒരു മൂളലിൽ പോലും എതിർപ്പ് പ്രകടിപ്പിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ ജീവൻ പോലും നഷ്ടപ്പെട്ടെന്നുവരാം. ഭാരമേറിയ താക്കോലുകൾ പോലുള്ള വസ്തുക്കൾ കൊണ്ടാണ് മർദ്ദനം. കൈ വിരലുകളിൽ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഇഞ്ച ചതയ്ക്കുന്നതുപോലെയാക്കും. നീല നിറമാകുമ്പോൾ മതിയാക്കും. ശേഷം അടുത്തയാഴ്ച... ഭൂമിയിലെ ഏക നരകമെന്ന കുപ്രസിദ്ധിയുളള ഉത്തരകൊറിയൻ ജയിലുകളിലേതാണ് ഈ കാെടുംക്രൂരതകൾ. കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്നിന് ഇഷ്ടപ്പെടാത്തവർക്കും രാജ്യത്തുനിന്ന് ഒളിച്ചോടാൻ ശ്രമിച്ച് പിടിയിലായവർക്കുമാണ് അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. ഒറ്റയടിക്ക് കൊല്ലാതെ മാസങ്ങളെടുത്ത് പരമാവധി വേദന അനുഭവിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നതാണ് രീതി.


ചൈനീസ് അതിർത്തിക്കടുത്തുളള ഒൺസോങ് ഡിറ്റൻഷൻ സെന്ററിലാണ് കടുത്ത കുറ്റം ചെയ്തവരെ പാർപ്പിക്കുന്നത്. ഇതിനുള്ളിൽ അകപ്പെട്ടാൽ പിന്നെ ജീവനോടെ പുറത്തെത്തുക മിക്കവാറും ഉണ്ടാകില്ല. കൊടിയ പീഡനങ്ങൾക്കുശേഷം കുടിക്കാൻ നൽകുന്നത് ഒരു കവിൾ വെള്ളം മാത്രം. തിന്നാൽ ഏതാനും ധാന്യമണികൾ. തൊട്ടപ്പുറത്ത് ഇരിക്കുന്ന ജയിൽപുള്ളിയോടുപോലും മിണ്ടാൻ പാടില്ല. അതും മാപ്പർഹിക്കാത്ത കുറ്റമാണ്. തടവുപുള്ളികളെ അപകട സാദ്ധ്യത കൂടിയ ലേബർ ക്യാമ്പുകളിലും മറ്റും മണിക്കൂറുകൾ വിശ്രമമില്ലാതെ ജോലിചെയ്യിക്കുന്നതും കിമ്മിന്റെ ഇഷ്ട വിനോദനങ്ങളിൽ ഒന്നാണ്. പലരും ലേബർ ക്യാമ്പുകളിൽ തന്നെ മരിച്ചുവീഴും. ഇങ്ങനെയുളളവരുടെ ശവശരീരം പോലും പുറമേ കാണില്ല.

jail

തടവുകാരിൽ പലരും മാരക രോഗങ്ങൾക്ക് അടിമകളാണ്. എന്നാൽ മതിയായ ചികിത്സ ലഭിക്കാറില്ല. ശ്വാസകോശ രോഗങ്ങൾ ഉൾപ്പടെയുള്ളവയാണ് പടർന്നുപിടിക്കുന്നത്. ജയിൽ ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന ഘട്ടംവരുമ്പോൾ മാത്രമാണ് ഡാേക്ടറെ ജയിലിൽ എത്തിക്കുക. സ്ത്രീ തടവുകാരെ അബോർഷന് വിധേയരാക്കുന്നതും ജയിലിൽ പതിവാണ്. എട്ടുമാസം ഗർഭിണിയായ സ്ത്രീകളെപ്പോലും ഇത്തരത്തിൽ പ്രാകൃതമായ രീതിയിൽ അബോർഷന് വിധേയാക്കാറുണ്ട്. ഇങ്ങനെ പുറത്തെടുക്കുന്ന കുട്ടികൾക്ക് ജീവനുണ്ടെന്ന് തോന്നിയാൽ അവരെയും കൊലപ്പെടുത്തുമത്രേ.

ഉത്തരകൊറിയൻ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭ ഉൾപ്പടെയുള്ള അന്താരാഷ്ട്ര സംഘടനങ്ങൾ പലതവണ പ്രമേയം പാസാക്കിയെങ്കിലും ഒരുകാര്യവുമുണ്ടായില്ല. ക്രൂരതകൾ അവസാനിക്കുന്നതിനുകപരം കൂടുകയാണുണ്ടായത്. തങ്ങളുടെ രാജ്യത്തെ തടവറകളിൽ ഇത്തരം ക്രൂരതകൾ ഒന്നും ഇല്ലെന്നും എല്ലാം വെറു കെട്ടുകഥകൾ മാത്രമാണെന്നുമാണ് കിമ്മിന്റെ അവകാശവാദം.