
ആലപ്പുഴ: കെ - റെയിലിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിക്കാനെത്തിയ സഖാക്കന്മാരെ നാട്ടുകാർ കണ്ടംവഴി ഓടിച്ചു. വെണ്മണി ഒമ്പതാംവാര്‍ഡായ പുന്തലയിലെത്തിയ സി പി എം നേതാക്കൾക്കും ജനപ്രതിധിനികൾക്കും നേരെയാണ് ശകാരവർഷവുമായി നാട്ടുകാർ എത്തിയത്. ഇവരുടെ അരിശം തണുപ്പിക്കാൻ നേതാക്കൾ ആവത് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിങ്ങളുടെ ന്യായീകരണം ഞങ്ങൾക്ക് കേൾക്കേണ്ടെന്നും വീടും സ്ഥലവും വിട്ടിറങ്ങാൻ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി. തീരെ നിർബന്ധമാണെങ്കിൽ നേതാക്കളുടെ വസ്തു എഴുതി നല്‍കിയാല്‍ വീടുവിട്ടിറങ്ങാമെന്ന പരാമര്‍ശവുമുണ്ടായി. ലഘുലേഖകൾ വാങ്ങാൻ പോലും ആരും തയ്യാറായില്ല. ഇതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി നേതാക്കൾ. ഇനിയും നിന്നാൽ നാട്ടുകാരുടെ ദേഷ്യം അണപൊട്ടുമെന്ന് വ്യക്തമായതോടെ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായിട്ടാണ് എത്തിയതെന്ന് പറഞ്ഞ് നേതാക്കൾ തടിതപ്പി.
വെണ്മണിയിൽ മാത്രമല്ല കേരളത്തിൽ പലയിടത്തും ഇതാണ് സ്ഥിതി. ഒരുവീട്ടിൽ നിന്നും പാർട്ടി പ്രവർത്തകർക്ക് അനുകൂലമായ പ്രതികരണം ലഭിക്കുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം പാലിച്ചില്ലെങ്കിൽ നടപടി വരും എന്ന ഭയത്താലാണ് നേതാക്കളിൽ പലരും വിശദീകരണവുമായി വീടുവീടാന്തരം കയറിയിറങ്ങുന്നതുതന്നെ. കേരളത്തിലാകെയുള്ള സർക്കാർ അനുകൂല മനോഭാവത്തെ ഈ ഒറ്റപ്രവൃത്തികൊണ്ട് ഇല്ലാതാക്കും എന്ന് പാർട്ടി പ്രവർത്തകരിൽ പലരും രഹസ്യമായിസമ്മതിക്കുന്നുണ്ട്. വെണ്മണിയിലൂടെ കെ -റെയിൽ കടന്നുപോകുന്നതിനോട് യോജിപ്പില്ലെന്ന് ലോക്കല്‍ കമ്മിറ്റിയംഗം പറഞ്ഞത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'നിങ്ങളുടെ വീടുകള്‍ നഷ്ടമാകുന്നതിനോ ഇതുവഴി ലൈന്‍ കടന്നു പോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല ഞാന്‍' എന്നാണ് ലോക്കൽ കമ്മിറ്റി അംഗം പറയുന്നത്.
ശബരിമല പ്രശ്നത്തിന്റെ പേരിൽ സി പി എം നേതാക്കൾ വീടുവീടാന്തരം കയറിയിറങ്ങി ലഘുലേഖകൾ വിതരണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് മികച്ച പ്രതികരണമാണുണ്ടായത്. അതിനാലാണ് കെ റെയിലും പയറ്റിനോക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ അത് തുടക്കത്തിലേ ചീറ്റിപ്പോകുന്നതാണ് കാണാൻ കഴിയുന്നത്. പ്രതിഷേധം ഭയന്ന് പലയിടങ്ങളിലും വിശദീകരണത്തിനുപോകാൻ പാർട്ടി പ്രവർത്തകർക്ക് പേടിയാണ്.