
പാലക്കാട്: സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടക്കില്ലെന്നും അധികം വൈകാതെ സർക്കാർ പദ്ധതി പൂർണമായും ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്നും ബി ജെ പി നേതാവ് ഇ ശ്രീധരൻ. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഉറപ്പിച്ച് പറഞ്ഞു. പദ്ധതിക്ക് അംഗീകാരം നൽകാതെ ഭൂമി ഏറ്റടുക്കാൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപെട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
'പദ്ധതി ശരിയല്ലെന്ന് റെയിൽവേ ബോർഡിന് നേരത്തെ അറിയാം. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാൻ തന്നെയാണ്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. പദ്ധതിക്ക് വേണ്ട ചെലവ്, ഏറ്റെടുക്കേണ്ട ഭൂമി എന്നിവയെക്കുറിച്ചെല്ലാം ജനങ്ങളെയും കബളിപ്പിക്കുകയാണ്. സർക്കാരിന് ഹിഡൻ അജണ്ടയുണ്ട്. എന്തോ ഉടമ്പടിയിൽ പെട്ടിട്ടുണ്ട്. പദ്ധതി 64,000 കോടി രൂപയ്ക്ക് തീരില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. രണ്ടുഭാഗത്തും മതില്‍ ഉയരുന്നത് പ്രധാനപ്രശ്നമാണ്. ബഫർ സോണിനും നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഇത് ബ്രിട്ടീഷ് കാലഘട്ടമല്ല. മണ്ണിലൂടെ സെമി സപീഡിൽ ട്രെയിൻ ഓടിക്കാനാവില്ല. ഇപ്പോൾ പറയുന്ന സ്പീഡിൽ ട്രെയിൻ ഓടിച്ചാൽ വലിയ അപകടമുണ്ടാവും. സെൻട്രൽ ലൈനാണ് സംസ്ഥാനത്തിന് ആവശ്യം. ദേശീയപാത വികസനവും കെ റെയിൽ പദ്ധതിയും രണ്ടും രണ്ടാണ്'- ശ്രീധരൻ പറഞ്ഞു.