
ലൈംഗിക ബന്ധത്തിനിടെ ലൂബ്രിക്കന്റുകൾ സ്ഥിരമായി ഉപയോഗിക്കുന്ന പുരുഷനാണോ നിങ്ങൾ? എങ്കിൽ അറിയുക, അധികം വൈകാതെ തന്നെ നിങ്ങളുടെ ലൈംഗിക ശക്തിയെ അത് പ്രതികൂലമായി ബാധിച്ചേക്കാം. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സർവകലാശാലയിലെ ആരോഗ്യവിദഗദ്ധരുടേതാണ് ഈ മുന്നറിയിപ്പ്. ലൂബ്രിക്കന്റുകളിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് പ്രശ്നക്കാർ. ഇവ ബീജത്തിന്റെ ചലനശേഷിയെ ഗണ്യമായി കുറയ്ക്കും. ഇക്കാരണത്താൽ പ്രത്യുല്പാദന ശേഷി ക്രമേണ ഇല്ലാതാവുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
പഠനത്തിന്റെ ഭാഗമായി ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നവരും അല്ലാത്തവരുമായ അറുപതുപേരുടെ ബീജസാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നവരുടെ ബീജത്തിന് മറ്റുള്ളവരുടേതിനെക്കാൾ ചലനശേഷി കുറവാണെന്ന് വ്യക്തമായി. മാത്രമല്ല ഇത്തരക്കാരുടെ ബീജങ്ങൾ ചലിക്കുന്നത് ശരിയായ രീതിയിലല്ലെന്നും മനസിലാക്കാനായി.
അതേസമയം, വീട്ടിൽ തന്നെയുള്ള പ്രകൃതിദത്തമായ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നവരിൽ ഇത്തരം പ്രശ്നങ്ങളൊന്നുംതന്നെ കണ്ടെത്താനായില്ല. ഒലിവ് ഓയിൽ, മുട്ടയുടെ വെള്ള എന്നിവയാണ് പ്രകൃതിദത്തമായ ലൂബ്രിക്കന്റുകളുടെ പട്ടികയിൽ ഗവേഷകർ ഉൾപ്പെടുത്തിയിരുന്നത്. ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ബീജത്തിന്റെ ചലനശേഷിയെ കൂട്ടുമെന്നും വ്യക്തമായി. മുട്ടയുടെ വെള്ളയ്ക്കും ഏറക്കുറെ സമാനമായ ഗുണമാണുള്ളത്. എന്നാൽ എണ്ണയും മുട്ടയുടെ വെള്ളയും ഗർഭനിരോധന ഉറകൾക്ക് കേടുവരുത്തിയേക്കും എന്ന ആശങ്കയും ഗവേഷകർ പങ്കുവച്ചു. ഇതിനൊപ്പം മുട്ടയുടെ വെള്ള യോനിയിലെ സ്രവങ്ങളുമായി ചേരുമ്പോൾ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാവുമോ എന്നകാര്യത്തിലും ഇപ്പോൾ നിഗമനത്തിലെത്താൻ കഴിയില്ലെന്നും അവർ അറിയിച്ചു. .
ഒരുതരത്തിലുളള ലൂബ്രിക്കന്റുകളും ഉപയോഗിക്കാതിരിക്കുന്നതാണ് ഏറെ നന്നെന്നാണ് ഗവേഷകരുടെ അഭിപ്രായം. ലൈംഗിക ബന്ധത്തിലേർപ്പെടുംമുമ്പ് മതിയായ നേരം ബാഹ്യലീലകളിൽ ഏർപ്പെട്ടാൽ സ്ത്രീ ജനനേന്ദ്രിയത്തിൽ ആവശ്യമായ സ്രവങ്ങൾ ഉണ്ടാവുകയും ഇത് ലൈംഗിക ബന്ധം കൂടുതൽ ആസ്വാദ്യകരമാവുകയും ചെയ്യും. ഇതാണ് പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാനുള്ള ഏറ്റവും നല്ലമാർഗമെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.