wali

കീവ്: റഷ്യൻ ആക്രമണത്തിൽ താൻ കൊല്ലപ്പെട്ടെന്ന വാർത്ത നിഷേധിച്ച് ലോകത്തിലെ ഏറ്റവും മികച്ച സ്‌നെെപ്പർമാരിൽ (ഏറെ ദൂരെ നിന്നുപോലും ഉന്നംതെറ്റാതെ വെടിവയ്ക്കാൻ കഴിവുള്ള ആൾ ) ഒരാളായ 'വാലി' രംഗത്തെത്തി. താൻ കൊല്ലപ്പെട്ടെന്ന വാർത്ത ഏറ്റവും അവസാനം കേട്ടത് താനായിരിക്കുമെന്നും ഒരു പോറൽ പോലും ഏൽപ്പിക്കാൻ റഷ്യയ്ക്കായിട്ടില്ലെന്നും യുക്രെയിനുവേണ്ടി ഇനിയും കർമ്മം തുടരുമെന്നും വാലി പറഞ്ഞു. റഷ്യ നടത്തിയ ബോംബാക്രമണത്തിൽ വാലി കൊല്ലപ്പെട്ടുവെന്നായിരുന്നു പ്രചാരണം. അദ്ദേഹത്തിന് പറ്റിയ അബ‌ദ്ധത്തിലൂടെ ലൊക്കേഷൻ റഷ്യൻ സെെന്യം മനസിലാക്കി ആക്രമണം നടത്തുകയായിരുന്നു എന്നാണ് പ്രചരിച്ചിരുന്നത്. ഇത്തരത്തിലൊരു അബ‌ദ്ധം വാലിയെപ്പോലൊരു ലോകോത്തര സെെനികന് സംഭവിക്കുമോയെന്ന ചോദ്യവുമായി പലരും രംഗത്തെത്തിയിരുന്നു.

റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രെയിനിൽ എത്തിയ വിദേശസൈനികരിൽ ഏറെ ചർച്ചചെയ്യപ്പെട്ടയാളാണ് വാലി. കനേഡിയൻ സ്വദേശിയായ ഇയാൾ വളരെ ദൂരത്തുനിന്ന് കൃത്യതയോടെ വെടിയുതിർക്കുന്ന, സ്നൈപ്പർ റൈഫിളുകൾ ഉപയോഗിക്കാൻ കരുത്തുള്ള ലോകോത്തര സൈനികരിൽ ഒരാളാണ്. ഒലിവർ ലവിഗ്നെ ഓർട്ടിസ് എന്നതാണ് യഥാർത്ഥ പേര്. യുക്രെയിനിൽ എത്തി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി റഷ്യൻ സെെനികരെ ഇദ്ദേഹം വധിക്കുകയും ചെയ്തിരുന്നു. ഇതിൽ ചില ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

ലക്ഷ്യം 3.5 കിലോമീറ്റർ

അഫ്ഗാനിസ്ഥാനിൽ, താലിബാനെതിരെ പോരാടിയ നാല് സ്നൈപ്പർമാരിൽ ഒരാളായ വാലി ഇറാഖിൽ ഐസിസിനെതിരെ നടത്തിയ പോരാട്ടത്തിന്റെ പേരിലും പ്രശസ്തനാണ്. ഏറ്റവും അകലെനിന്നുള്ള സ്‌നൈപ്പർ കൊലയുടെ റെക്കോർഡ് വാലിയ്ക്കാണ്. 3.5 കിലോമീറ്റർ അകലെയുള്ള ലക്ഷ്യമാണ് വാലി വെടിവച്ചിട്ടത്.

അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ രണ്ടുതവണ വാലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ യുദ്ധകാലത്താണ് അറബിയിൽ സംരക്ഷകൻ എന്നർത്ഥം വരുന്ന വാലി എന്ന വിളി പേര് അദ്ദേഹത്തിന് ലഭിച്ചത്.ഒരു ദിവസം 40 പേരടങ്ങുന്ന ട്രൂപ്പിനെ വരെ സ്‌നെെപ്പ് ചെയ്ത് കൊല്ലാനാകുമെന്നതാണ് വാലിയെ കൂടുതൽ അപകടകാരിയാക്കുന്നത്.

ഭാര്യയും ഒരു മകനുമുള്ള വാലി, മനുഷ്യത്വപരമായ കാരണങ്ങളാലാണ് യുക്രെയിനിലേയ്ക്ക് പോകുന്നത് എന്ന് അറിയിച്ചിരുന്നു. നേരത്തെ റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ അണിചേരാൻ ആഗ്രഹിക്കുന്നവരെ യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി സ്വാഗതം ചെയ്തതിരുന്നു. ഇതോടെയാണ് യുക്രെയിനായി പോരാടാൻ വാലി എത്തിയത്. സൈന്യത്തിൽ നിന്ന് വിരമിച്ചശേഷം കമ്പ്യൂട്ടർ രംഗത്ത് പ്രവർത്തിക്കുന്നതിനിടെയാണ് വീണ്ടും ആയുധം കൈയിലെടുത്ത് യുക്രെയിനിലേക്കെത്തിയത്.