justina

ആരാണീ വോക്കുകൾ (wokes)? വലിയ വാചകങ്ങളുമായി സകലരെയും ഉപദേശിക്കുന്നവർ. എന്നാൽ സ്വന്തം തടിക്ക് കേടുവരുമെന്ന് കാണുമ്പോൾ ചുവട് മാറ്റുന്ന വിദ്വാന്മാർ. ചുരുക്കത്തിൽ ഹിപ്പോക്രാറ്റ്സ് . വോക്കിസം ഒരു അമേരിക്കൻ കണ്ടുപിടിത്തമാണ്. സാമൂഹ്യനീതിയും വംശീയവിദ്വേഷവുമായി ബന്ധപ്പെട്ടാണ് ഇത് ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ലിംഗവിരുദ്ധതയും മറ്റ് സ്വത്വരാഷ്ട്രീയവും ഉൾപ്പെടുന്നു. അതൊരു രാഷ്ട്രീയ പ്രസ്ഥാന പ്രഹസനമായി മാറിയിരിക്കുന്നു. പരിഹാരങ്ങൾ പ്രശ്നങ്ങളേക്കാൾ മോശമായിരിക്കാം.

വിദേശനേതാക്കളിൽ ചില വോക്കുകളെ നോക്കാം.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 'അജ്ഞാതമായ ഒരു സ്ഥലത്ത് ' പോയി ഒളിച്ചിരുന്നു. കാരണം ഇനിപ്പറയുന്നതാണ് , കൊവിഡ് ഉത്തരവുകളിൽ നിന്ന് ആശ്വാസം ആവശ്യപ്പെടുന്ന ട്രക്കർമാരുടെ ഒരു വലിയ വാഹനവ്യൂഹം കനേഡിയൻ തലസ്ഥാനത്തേക്ക് നീങ്ങി, കൂടെ കർഷകരും. ട്രൂഡോ അവരെ നിശിതമായി വിമർശിച്ചു.

ഇതേ ട്രൂഡോ ഭാരതത്തിൽ 'കർഷക കുലാക്കുകൾ' സമരം ചെയ്തപ്പോൾ അവരെ പിന്താങ്ങിയിരുന്നു. ആരാന്റമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ… എന്ന പഴമൊഴിയാണ് ഓർമ്മ വരുന്നത്.

ട്രൂഡോ കാനഡയുടെ ചരിത്രത്തിൽ ആദ്യമായി പ്രതിഷേധക്കാർക്കെതിരെ 'അടിയന്തരാവസ്ഥ' നിയമങ്ങൾ പ്രയോഗിച്ചു. തെരുവുകളിൽ നിന്ന് അവരെ ബലംപ്രയോഗിച്ച് നീക്കി, അറസ്റ്റ് ചെയ്തു. സാമ്പത്തിക ശിക്ഷയും നിർബന്ധമാക്കി. പ്രതിഷേധത്തിനുള്ള സംഭാവനയായി പൗരന്മാർ നൽകിയ ഒൻപത് മില്യൺ ഡോളർ അദ്ദേഹം കണ്ടുകെട്ടുകയും പ്രതിഷേധക്കാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ഉത്തരവിടുകയും ചെയ്തു. ഫലത്തിൽ ഇത് അംഗീകൃത ആശയങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന ആരെയും ശിക്ഷിക്കുന്ന ചൈനയിലെ സോഷ്യൽ ക്രെഡിറ്റ് സംവിധാനത്തിന് സമാനമാണ്. അങ്ങനെ ആ സമരം പൊളിച്ചു. ഇവിടെ ആകെ വിജയിച്ചവർ ക്രിപ്‌റ്റോകറൻസി ആരാധകർ മാത്രമാണ്: അവരുടെ സംവിധാനത്തിൽ, ഒരു സർക്കാരിനും ജനങ്ങളുടെ പണം കണ്ടുകെട്ടാൻ കഴിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും കർശനമായ സീറോ കൊവിഡ് ഭരണകൂടങ്ങളിലൊന്നായ ന്യൂസിലൻഡിന്റെ പ്രധാനമന്ത്രി ജസിൻഡ ആർഡേൺ, വിദേശത്ത് താമസിക്കുന്ന സ്വന്തം പൗരരായ ഗർഭിണികളെ പോലും എം.ഐ.ക്യു (മാനേജ്ഡ് ഐസൊലേഷൻ ആൻഡ് ക്വാറന്റൈനിംഗ് ) എന്ന ക്വാട്ടയ്ക്ക് കീഴിൽ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കാത്തതിന് വിമർശനങ്ങൾ നേരിട്ടു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജോലി നഷ്ടപ്പെടുന്നതിന്റെ വക്കിലാണ്: കാരണം, തന്റെ രാജ്യത്തെ കർശനമായ കൊവിഡ് ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ച് അദ്ദേഹം തന്റെ ഔദ്യോഗിക വസതിയിൽ പലതവണ പാർട്ടികൾ നടത്തിയത് വെളിച്ചത്തായിട്ടുണ്ട്.

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ചരിത്രത്തിലെ എക്കാലത്തെയും മോശം ഒപ്പീനിയൻ പോൾ നേരിടുന്നു, കൂടാതെ ഈ വർഷം അവസാനം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി പരാജയപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്. കൊവിഡ് മഹാമാരി മോശമായി കൈകാര്യം ചെയ്യുന്നതും ഉയർന്ന പണപ്പെരുപ്പവുമാണ് പ്രധാന കാരണങ്ങൾ. ഇപ്പോൾ യുക്രെയിനിൽ യുദ്ധവും.

വോക്ക് ജനക്കൂട്ടത്തിന്റെ പ്രിയപ്പെട്ടവരാണ് പ്രത്യേകിച്ചും ആർഡേണും ബൈഡനും. ബൈഡൻ തിരഞ്ഞെടുപ്പോടെയാണ് വോക്ക് മുന്നേറ്റം ആരംഭിച്ചത്. അത് ഒരു വർഷം മുമ്പായിരുന്നു. പരാജയങ്ങളുടെ കണക്ക് നീണ്ടതാണ്. അഫ്ഗാനിസ്ഥാൻ, ബിൽഡ് ബാക്ക് ബെറ്റർ, പിന്നെ ഫൗചി, ദസ്സാക്ക് , കോളിൻസ് എന്നിവരുടെ കൊവിഡ് തിരിമറികൾ....

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം മുതൽ ആഗോള സാമ്പത്തിക മാന്ദ്യം വരെ 60 വർഷമായിരുന്നു അമേരിക്കൻ 'നൂറ്റാണ്ട്'. 2001 ലെ ഡബ്ല്യു.ടി.ഒ പ്രവേശനം മുതൽ ചൈനയുടെ 'നൂറ്റാണ്ട്' 30- 40 വർഷം നീണ്ടുനില്ക്കും. എന്നാൽ വെറും ഒരു വർഷത്തിനു ശേഷം വോക്ക് 'നൂറ്റാണ്ട്' നാമാവശേഷമായതായി തോന്നുന്നു.

എന്താണ് വോക്കിസത്തെ തകർത്തത്?

'സ്വന്തം വൈരുദ്ധ്യങ്ങളുടെ ഭാരമാണ് ' വോക്കിസത്തെ തകർത്തതെന്ന് പറയാം. വോക്കിസം അന്യായങ്ങളെ വളർത്തും: ഇഷ്ടപ്പെടാത്തവരെ റദ്ദാക്കൽ (cancel culture), സയൻസ് എന്ന പേരിൽ സംഘടിതമായി പ്രോപ്പഗാൻഡ നടപ്പാക്കൽ എന്നിവയുമുണ്ട് .

വോക്കുകൾ മോഷ്ടാക്കൾ, മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നവർ, തെരുവിൽ മലമൂത്രവിസർജ്ജനം നടത്തുന്നവർ എന്നിവരോട് ഉയർന്ന സഹിഷ്ണുത പുലർത്തുന്നവരാണ്. ചൈന പാശ്ചാത്യരെ de-industrialize ചെയ്‌തെന്ന് അവർ തിരിച്ചറിയുന്നില്ല. ചൈനയ്ക്ക് പാശ്ചാത്യരുടെ വിതരണ ശൃംഖല ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാനുള്ള ശേഷിയുണ്ടെന്ന് വോക്കുകൾ ഇനിയും മനസിലാക്കിയിട്ടില്ല. വാസ്തവവിരുദ്ധമായ കാര്യങ്ങൾ നമ്മളെ അടിച്ചേൽപ്പിക്കുകയാണ് വോക്ക് ഡോം. വോക്ക്നെസ് പിടിപെട്ടവർ എത്രയും വേഗം ഈ വിഡ്ഢിത്തം ഉപേക്ഷിക്കണം.