
വന്ദനം സൂര്യദേവാ, സൗരയൂഥാത്മനാഥ
സഹസ്രപത്മകിരണങ്ങളാലാഴിയുമാകാശവും
സഹ്യാദ്രിതടങ്ങളും സ്വർണാഭമാക്കും ദേവ
സർവചരാചര സൃഷ്ടിതൻ വിധാതാവേ
ജ്വാലയും ജലവും വായുവും നാദവുമങ്ങല്ലോ
ഫലവൃക്ഷങ്ങൾ, ചെറുകാറ്റിൽ പൂക്കളുതിർത്താടും
ലോലമാം തരുക്കളൊക്കെയുമങ്ങതൻ സൃഷ്ടിജാലം
സർവഭൂതാശ്രയനാം ശക്തിസ്വരൂപനങ്ങ്
രാശികൾ, ഋതുക്കൾ, വർഷങ്ങൾ, സഹസ്രാബ്ദങ്ങളാൽ
കാലത്തിൻ കണക്കുകൾ രചിച്ച ഗണിതശാസ്ത്രവിശാരദ!
സകല കലകൾ തന്നാദിപ്രതീകമേ..
ത്രിലോകജ്ഞാമൃത തേജോ ബിംബമേ, വന്ദനം
പുറമേ തീക്കനൽക്കുണ്ഡമായി കത്തിക്കാളി, പ്രിയരെ
തപിപ്പിക്കും സംജ്ഞപതേ, നിഴലിൻ സഖേ
കാണുന്നു ഞങ്ങളങ്ങ തൻ ഹൃദയത്തിൽ
കാരുണ്യത്തിൻ പൂങ്കുളിർ പൊയ്കയൊന്നിളകുന്നതും!
വിശ്വചൈതന്യ തേജോരൂപമേ ഞങ്ങൾക്കേകുക
അരോഗഗാത്രവുമറിവിൻ പാനപാത്രവും
ജഗത്താകെ തിളക്കുമത്ഭുതദീപമേ, ഞങ്ങളിൽ തെളിക്കുക
സമഭാവന, സൗഹൃദം, സ്നേഹം, സദ്ബുദ്ധിയും