kk

നീയുപേക്ഷിച്ചു പോയ

നിന്റെയുടയാടകൾ

എനിക്കുമുന്നിൽ

പലപല വർണ്ണത്തിൻ

പടം പൊഴിക്കുന്നു.

ചുവപ്പിൽ ഋതുവായ്

മഞ്ഞയിൽ മോഹമായ്

പച്ചയിൽ കുളിരായ്

നീലയിൽ മഴയായ്

കൊഴിഞ്ഞു വീഴുന്നു

ആടത്തോരണങ്ങൾ.

കറുത്ത വള്ളിയിൽ ചുറ്റി

വെള്ളകൊലുസ്സിൻ മണിയിൽ

വട്ടംച്ചുറ്റിക്കറങ്ങിത്തിരിഞ്ഞ്

കടലിരമ്പത്തിൻ

തുടിക്കും ഓളപ്പരപ്പായ്

നിൻ നിഴൽ രൂപങ്ങൾ

വന്നു നിറയുന്നുണ്ടോരോ

ഞൊറി മടക്കുകളിൽ.

അരികുത്തുന്നിയ

സ്വപ്ന ലേസുകൾ മാത്രം

കാത്തിരിക്കുന്നുണ്ടേതോ

കൈവിരൽ സ്പർശങ്ങൾ,

കിനാ നിലാവിൻ

നിഴലുകൾ പാകിയ

ഈറൻ വർണ്ണ നൂലിൽ

ഒളിപ്പിച്ചയേതോ

മൃതു സ്‌പർശങ്ങൾ!