
ബീജിംഗ്: 132 പേരുമായി ചൈനീസ് യാത്രാവിമാനം തകർന്നുവീണതിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. ഭീകരാക്രമണ സാദ്ധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. വിമാനം തകർന്നുവീണ സ്ഥലത്ത് നടത്തിയ പരിശോധനയിൽ രണ്ടാമത്തെ ബ്ളാക്ക്ബോക്സും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ മറ്റൊരു ബ്ളാക്ക് ബോക്സ് കണ്ടെത്തിയിരുന്നു.
അപകടത്തിൽപ്പെട്ട വിമാനത്തിന് സാങ്കേതിക തകരാർ ഒന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിന്റെ പാതയിൽ കാലാവസ്ഥാപരമായതോ മറ്റേതെങ്കിലും തരത്തിലെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഏവിയേഷൻ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. അതിനാൽതന്നെ അപകടത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. തകർന്നുവീഴുന്നതിന് മുമ്പ് അസാമാന്യ വേഗതയിലാണ് വിമാനം പറന്നതെന്നും മൂക്കുകുത്തിയാണ് താഴേക്ക് പതിച്ചതെന്നുമാണ് റിപ്പോർട്ട്. ഇതാണ് ഭീകരാക്രമണ സാദ്ധ്യത സംശയിക്കാൻ കാരണം.
പൈലറ്റ് സ്വയം ചാവേറായ സംഭവങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്തിരുന്നു. അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ബ്ളാക്ക്ബോക്സുകൾ പരിശോധിക്കുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്തതവരുമെന്നാണ് കരുതുന്നത്. അതേസമയം, അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, എത്ര മൃതദേഹങ്ങൾ കണ്ടെത്തിയെന്നത് സംബന്ധിച്ച വിവരങ്ങൾ ചൈനീസ് ഭരണകൂടം ഇനിയും പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ചയാണ് ദക്ഷിണ ചൈനയിലെ ഗ്വാംഗ്ഷി പ്രവിശ്യയിൽ വുഷൂവിലെ കുന്നിൻ പ്രദേശത്ത് ദ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 എം.യു 5735 വിമാനം തകർന്നുവീണത്. താഴേക്ക് പതിച്ച വിമാനം പൊടുന്നനെ അഗ്നിഗോളമായി മാറുകയായിരുന്നു. ദുർഘട പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിനും കാലതാമസം നേരിട്ടു.