
ഇ. വാസു എന്ന എഴുത്തുകാരനെ അത്രവേഗം മറക്കാൻ  മലയാളത്തിന് കഴിയില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ആ പേര് ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടാറില്ലെന്നതു സത്യം തന്നെ. പക്ഷേ അത് വാസുവിനെ വിസ്മരിക്കാനുള്ള കാരണമാകുന്നില്ല. 'ചുവപ്പുനാട" എന്ന നോവൽ സൃഷ്ടിച്ച  വിവാദം ചെറുതൊന്നുമായിരുന്നില്ല. സർക്കാർ ഓഫീസുകളിലെ നാടകങ്ങളും അന്തർനാടകങ്ങളും ആദ്യമായി ഒരു സർക്കാർ ഉദ്യോഗസ്ഥൻ വെളിച്ചത്തുകൊണ്ടുവന്നു. കെട്ടഴിക്കാൻ മടിക്കുന്ന പല രഹസ്യങ്ങളുടേയും ചുവപ്പുനാട ആ എഴുത്തുകാരൻ വലിച്ചുപൊട്ടിച്ചു. പൊതുജനങ്ങളുടെ കണ്ണുചെന്നെത്താത്ത ബ്യൂറോക്രസിയിലെ മഹാസൗധങ്ങൾ വിറകൊണ്ടു. ചീഫ് സെക്രട്ടറി ചോദിച്ചു:
''സർവീസിലിരിക്കുന്ന ഒരാൾ ഇങ്ങനെയൊക്കെ എഴുതുന്നതു ശരിയാണോ?""
ഗ്രന്ഥകർത്താവിനോട് ഔദ്യോഗികമായി വിശദീകരണവും ചോദിച്ചു. നോവലിന്റെ കൈയെഴുത്തു പ്രതി ഉടൻ ഹാജരാക്കാൻ സെക്രട്ടേറിയറ്റിൽ നിന്ന് ഉത്തരവു വന്നു. അച്ചടിച്ച നോവലിന്റെ കൈയെഴുത്തു കോപ്പി നോവൽ പ്രസിദ്ധീകരിച്ച വാരികയുടെ സ്വത്താണെന്ന് പത്രാധിപർ അറിയിച്ചു. ഒടുവിൽ ഒരുദ്യോഗസ്ഥൻ വാരികയിലെ നോവൽ പേന കൊണ്ട് പകർത്തിയെഴുതുകയായിരുന്നു.
നോവൽ പ്രസിദ്ധീകരിക്കുന്നതിന് നേരത്തെ അനുമതി വാങ്ങിയിരുന്നു. ഉദ്യോഗസ്ഥവൃന്ദം ആഗ്രഹിച്ചതുപോലെ നോവലിസ്റ്റിനെ സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞില്ല. എഴുതുവാൻ സർക്കാർ ഉദ്യോഗസ്ഥന്മാർ മുൻകൂട്ടി അനുവാദം വാങ്ങണമെന്ന ചട്ടം തിരുത്തിയത് ഏതാനും വർഷം കഴിഞ്ഞ് ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ്. 'ചുവപ്പുനാട"യ്ക്ക് ഇപ്പോൾ ഏഴു എഡിഷനുകളായി. കേരള, കോഴിക്കോട് സർവകലാശാലകൾ അത് ഡിഗ്രി ക്ലാസുകളിലേക്ക് പാഠപുസ്തകമായി അംഗീകരിച്ചിട്ടുണ്ട്. 'വെള്ളക്കുപ്പായം" എന്ന നിരുപദ്രവമായ പേരാണ് നോവലിന് വാസു നൽകിയിരുന്നത്. പത്രാധിപർ എം.ടി. വാസുദേവൻ നായരാണ്  'ചുവപ്പുനാട" എന്ന പേരിട്ടത്. അത് ശ്രദ്ധിക്കപ്പെട്ടു. നോവൽ പ്രസിദ്ധീകരിച്ച സാഹിത്യപ്രവർത്തക സഹകരണസംഘം അപേക്ഷിക്കാതെ തന്നെ വാസുവിന് സംഘത്തിൽ അംഗത്വം നൽകി.
വർഷങ്ങൾക്കുശേഷമാണ് രണ്ടാമത്തെ ഭൂകമ്പമുണ്ടായത്. മനഃപൂർവ്വമായിരുന്നില്ലെങ്കിലും അതിലെയും നായകൻ വാസുതന്നെയായിരുന്നു. കേരള സർക്കാരിന്റെ ഒരു പ്രസിദ്ധീകരണമാണ്  'ഗ്രാമദീപം" മാസിക. അതിൽ ഇ. വാസു ' സ്നേഹപൂർവം നാഥുറാം" എന്നൊരു കഥയെഴുതി. കഥ ഗാന്ധിജിയെ ആക്ഷേപിക്കുന്നതാണെന്നു പറഞ്ഞ് വലിയ ഒച്ചപ്പാടുണ്ടായി. ഗാന്ധിജിയെക്കുറിച്ച് കിട്ടാവുന്ന ഗ്രന്ഥങ്ങളൊക്കെ താൻ വായിച്ചിട്ടുണ്ടെന്നും ഗാന്ധിജിക്ക് ആക്ഷേപകരമായി ഒരു വാക്കും താൻ എഴുതിയിട്ടില്ലെന്നും വാസു വെളിപ്പെടുത്തി.
കഥ വായിച്ച സുകുമാർ അഴീക്കോടിനെപ്പോലുള്ളവർ കഥയിൽ ഗാന്ധി നിന്ദയൊന്നുമില്ലെന്നു പറഞ്ഞു.നിയമസഭയ്ക്കകത്തും പ്രശ്നം ഇരമ്പി. പത്രാധിപർ എസ്. രമേശൻ സസ്പെൻഷനിലായി. ഹൈക്കോടതിയിൽ കേസുകൊടുത്ത് അദ്ദേഹം തിരിച്ചുവരികയും ചെയ്തു. ഈ കഥ ഉൾപ്പെടുത്തി ആ പേരിൽ തന്നെയാണ് വാസുവിന്റെ ഒരു കഥാസമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
വാസു എന്നും ഒറ്റയാനായിരുന്നു. നല്ലൊരു വായനക്കാരൻ കൂടിയായ വാസു തന്റെ മനസിൽ തെളിഞ്ഞുവന്ന വെളിച്ചത്തിന്റെ പാതയിലൂടെ മാത്രം സഞ്ചരിച്ചു. കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും അലകടൽ നീന്തിക്കടന്നുവന്നതാണ് വാസുവിന്റെ ജീവിതം. പട്ടിണിയാണ് തന്നെ സാഹിത്യകാരനാക്കിയതെന്ന് വാസു പറഞ്ഞിട്ടുണ്ട്. കോഴിക്കോട് ബേപ്പൂരിനടുത്ത് നടുവട്ടത്ത് ജനിച്ച ആ കുട്ടി ദുരിതങ്ങളുടെ ഒരു ലോകമാണ് കൺമിഴിച്ചപ്പോൾ കണ്ടത്.
ഓട്ടുകമ്പനിയിലെ വാച്ച്മാനായിരുന്ന അച്ഛൻ ആശുപത്രിയിൽ ക്ഷയം ബാധിച്ച് കിടക്കുകയായിരുന്നു. വാസു ദിവസവും ആശുപത്രിയിലേക്കു പോകും. ആശുപത്രിയിലേക്കാണ് പോകുന്നതെങ്കിലും ഉത്സവത്തിനു പോകുന്നതുപോലെ തുള്ളിച്ചാടിയാണ് പോകാറ്. കാരണം വീട്ടിൽ പട്ടിണിയാണ്. ആശുപത്രിയിൽ മൊരിച്ച റൊട്ടിയും നല്ല കാപ്പിയും കിട്ടും. എല്ലാവരും അച്ഛന്റെ രോഗം വേഗം മാറാൻ പ്രാർത്ഥിച്ചപ്പോൾ അവൻ മാത്രം അച്ഛൻ കൂടുതൽകാലം കിടക്കണേ എന്ന്പ്രാർത്ഥിച്ചു. കാരണം രോഗം മാറിയാൽ റൊട്ടിയും കാപ്പിയും നഷ്ടപ്പെടും എന്നതുതന്നെ. ഡ്യൂട്ടി ഡോക്ടർക്ക് കൈക്കൂലികൊടുക്കാൻ കഴിയാത്തതുകൊണ്ട് അച്ഛനെ വൈകാതെ ഡിസ്ചാർജ് ചെയ്തു. അച്ഛൻ പിന്നെ അധികകാലം ജീവിച്ചില്ല. അതോടെ വാസു ജീവിതത്തിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിയപ്പെട്ടു. ആറേഴു കിലോമീറ്റർ താണ്ടി കുന്നും പാടവും കടന്നാണ് കോളേജിലെത്തിയത്. പണമില്ലാത്തതുകൊണ്ട് പുസ്തകം വാങ്ങിയില്ല. അതുകൊണ്ടുതന്നെ ക്ലാസിൽ നിന്നും പുറത്താക്കപ്പെട്ടു. എഴുതാനുള്ള  അഭിരുചി പഠിക്കുമ്പോഴേ ഉണ്ടായിരുന്നു. ആദ്യകഥയുടെ പ്രതിഫലമായി പതിനഞ്ചു രൂപ കിട്ടി. അതുകൊണ്ട് പാഠപുസ്തകം വാങ്ങി. പിന്നെ ഒരു കട്ട വാസനസോപ്പ്. അത്യാവശ്യം വേണ്ട അല്ലറചില്ലറ സാധനങ്ങളും. ഇങ്ങനെ എത്രയോ അനുഭവങ്ങൾ.
ചോര, ചുവപ്പുനാട, വന്ദേമാതരം, മാന്യമഹാജനങ്ങളെ, അനന്തപുരി, ചക്രം, ആമ, ഒടുവിൽ കിട്ടിയത്, കടന്നൽക്കൂട്, സഹാറ തുടങ്ങിയ നോവലുകളും പന്ത്രണ്ട് കഥാസമാഹാരങ്ങളും ഒരു ചെറിയ ആത്മകഥയും വാസുവിൽ നിന്ന് കൈരളിക്ക് ലഭിച്ചു. നിങ്ങൾ എങ്ങനെ ഒരെഴുത്തുകാരനായി എന്ന ചോദ്യത്തിനുത്തരമായി വാസു പറഞ്ഞു:
''ജീവിതക്ളേശങ്ങളാണ് എന്നെ എഴുത്തുകാരനാക്കിയത്. പൊരിയുന്നവയറുമായി പുസ്തകം കൈയിലെടുക്കുകയും ആ വായനകൊണ്ട് ഞാൻ എഴുത്തുകാരനാവുകയും ചെയ്തു.""
വളരെ പതിഞ്ഞ സ്വരത്തിൽ സൗമ്യമായി സംസാരിക്കുന്നയാൾ വാസുവിനെ ആരും ഇഷ്ടപ്പെടും. ഞാനെന്ന ഭാവം അദ്ദേഹത്തിനില്ല. അദ്ദേഹം ഒരിക്കലും അവസരങ്ങൾ തേടിയില്ല. അദ്ദേഹത്തെ തേടി അവസരങ്ങൾ വന്നു.
പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് റിട്ടയർ ചെയ്തത്. സി.എസ്. പത്മിനിയാണ് ഭാര്യ.    മനോജ് (ജോയിന്റ് ഡയറക്ടർ വിദ്യാഭ്യാസ വകുപ്പ്), അനൂപ് (പ്രൊഫസർ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ്), മഞ്ജുഷ (ആയുർവേദ മെഡിക്കൽ ഓഫീസർ) എന്നിവരാണ് മക്കൾ.
തിരുവനന്തപുരത്ത് ഊറ്റുകുഴിയിൽ താമസിക്കുന്ന അദ്ദേഹം ഹൃദ്റോഗം ബാധിച്ച് കിടപ്പിലാണ്. വായിക്കാനും വയ്യ, എഴുതാനും വയ്യ, നടക്കാനും വയ്യ, അധികം സംസാരിക്കാനും വയ്യ എന്ന സ്ഥിതിയിലും 86 വയസുള്ള വാസുവിന്റെ  മനസിൽ  അക്ഷരങ്ങളുണ്ട്.
(ലേഖകന്റെ ഫോൺ: 0471 - 2450429)