
കറാച്ചി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇനി നിർണായക ദിനങ്ങൾ. ഇമ്രാനെതിരായ അവിശ്വാസപ്രമേയം ഇന്ന് നാഷണല്‍ അസംബ്ലി പരിഗണിക്കും. ഘടകക്ഷികൾക്കൊപ്പം സ്വന്തം പാര്‍ട്ടിയിലെതന്നെ എം.പിമാരും ഇമ്രാനെതിരെ തിരിഞ്ഞതോടെ അവിശ്വാസം പാസാവുമെന്നാണ് ലഭിക്കുന്ന സൂചന. അതിനിടെ സഭാംഗത്തിന്റെ മരണം മൂലം പ്രമേയം ഇന്ന് ചർച്ച ചെയ്യാനുള്ള സാദ്ധ്യതയില്ലെന്നും റിപ്പോർട്ടുണ്ട്. പാക് ഭരണഘടന പ്രകാരം പ്രമേയം ചർച്ചയ്‌ക്കെടുത്താൽ മൂന്ന് ദിവസത്തിന് ശേഷം ഏഴ് ദിവസത്തിനുള്ളിൽ വോട്ടെടുപ്പ് നടക്കണം.
അധികാരം നഷ്ടമാകുമെന്ന് ഏറക്കുറെ ഉറപ്പായിട്ടും അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുമ്പ് രാജിവയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. അതേസമയം, ഭരണകക്ഷിയായ പാകിസ്ഥാൻ തെഹിരീക് ഇ ഇൻസാഫ് പാർട്ടിയുടെ 24 വിമത എം. എൽ.എമാർക്ക് ആയുഷ്കാല അയോഗ്യത കൽപ്പിക്കാൻ ഭരണഘടനാ വ്യവസ്ഥയിൽ വ്യക്തത തേടി ഇമ്രാൻ സർക്കാർ സമർപ്പിച്ച അപേക്ഷയിൽ പാക് സുപ്രീംകോടതി ഇന്നും വാദം തുടരും. ഇന്നലെ അപേക്ഷ പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ വിശാല ബെഞ്ച് തുടർ വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പാകിസ്ഥാനിലെ അടുത്ത പൊതു തിരഞ്ഞെടുപ്പ് 2023ലാണ്. ഇമ്രാൻ രാജിവച്ചാൽ പുതിയ ഒരാളെ പ്രധാനമന്ത്രിയാക്കി കാവൽ ഗവൺമെന്റുണ്ടാക്കി തിരഞ്ഞെടുപ്പ് നേരത്തേ നടത്താൻ സാദ്ധ്യതയുണ്ട്.തന്നെ കൈവിട്ട സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയെ അനുനയിപ്പിക്കാനും ഇമ്രാൻ ശ്രമിക്കുന്നുണ്ട്. ഇസ്ലാമബാദിൽ നടക്കുന്ന ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ സമ്മേളനം കഴിഞ്ഞാലുടൻ രാജിവയ്ക്കണമമെന്നാണ് ഇമ്രാന് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ ഉൾപ്പെടെ നാല് സീനിയർ ജനറൽമാർ മുന്നറിയിപ്പ് നൽകിയിരുന്നത്.
ഷാബാസ് ഷെരീഫ് അടുത്ത പ്രധാനമന്ത്രി?
പാകിസ്ഥാൻ മുസ്ലീം ലീഗ് ( നവാസ് ) നേതാവും പാക് പാർലമെന്റിലെ പ്രതിപക്ഷ നേതാവുമായ ഷാബാസ് ഷെരീഫ് ( 71 )അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പാർട്ടി വൃത്തങ്ങൾ അവകാശപ്പെട്ടു. പഞ്ചാബ് പ്രവിശ്യയുടെ മുൻ മുഖ്യമന്ത്രിയും മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനുമാണ് ഷാബാസ് ഷെരീഫ്.