
ഭർത്താവ് ലൈബ്രേറിയനായതുകൊണ്ട് കോളേജിൽ നിന്ന് നല്ല പുസ്തകങ്ങൾ വായിക്കാൻ കൊണ്ടുവരും. ഷീജ അതൊന്നും മറിച്ചുനോക്കാറുപോലുമില്ല. ഭർത്താവിന് കവിതയോടാണ് കൂടുതൽ പ്രണയം. കിറുക്കന്മാരല്ലേ കഥയും കവിതയുമൊക്കെ എഴുതിക്കൂട്ടുന്നതെന്ന് ഷീജ കളിയാക്കുമ്പോൾ ഭർത്താവ് പൊട്ടിച്ചിരിക്കും. പിന്നെ അതിനോട് യോജിച്ച പോലെ വിമർശിക്കും. അങ്ങനെയാണെങ്കിൽ ലോകം സൃഷ്ടിച്ച് പിന്നെ സംഹരിക്കുന്ന ദൈവത്തിനും കിറുക്കാണോ? അതു കേൾക്കുമ്പോൾ ഷീജ മൗനം ഭജിക്കും.
പാബ്ലോ നെരൂദയുടെ വരികൾ കേട്ടോ നിന്നെപ്പറ്റിയാണ് എന്നു പറഞ്ഞുകൊണ്ട് ഭർത്താവ് ഒരു പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങി:''ആ മനുഷ്യനെ എനിക്ക് നല്ല ഓർമ്മയുണ്ട്. ഞാൻ അവനെ കണ്ടിട്ട് രണ്ട് നൂറ്റാണ്ടെങ്കിലുമായി. അവൻ കുതിരപ്പുറത്തു സഞ്ചരിച്ചിട്ടില്ല, വണ്ടിയിലും. വെറും കാലിൽ അവൻ അകലങ്ങൾ താണ്ടി."" ഭാവാത്മകമായി ഈണത്തിൽ ഭർത്താവ് വായിച്ചപ്പോൾ ഷീജ ആ വരികൾ ശ്രദ്ധിച്ചു. അച്ഛന്റെ മനസിനെപ്പറ്റിയാണോ ആ വരികൾ. അമ്മയുടെ മരണശേഷം അച്ഛന്റെ മനസ് എവിടെയെല്ലാം സഞ്ചരിക്കുന്നു? മകളമ്മ എന്നാണ് പലപ്പോഴും വിളിക്കുന്നത് തന്നെ. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ ചമ്മൽ തോന്നുമായിരുന്നു. പിന്നെ ഭർത്താവ് തന്നെ ആശ്വസിപ്പിക്കും. അച്ഛൻ മരിച്ചുപോയ സ്വന്തം അമ്മയെ നിന്നിൽ കാണുകയാണ്. ചിലപ്പോൾ അകാലത്തിൽ നഷ്ടപ്പെട്ടുപോയ ഭാര്യയോടെന്നപോലെ പരിഭവം പറയുന്നതാണ്. ഭർത്താവ് ആശ്വസിപ്പിക്കും. എല്ലാം സൗമ്യതയോടെ കേട്ട് നിൽക്കുമ്പോൾ മകളമ്മ എന്താണ് എന്നെ ശകാരിക്കാത്തത്. പുളിങ്കമ്പ് വെട്ടി തല്ലാത്തത്. അച്ഛന്റെ പോക്കറ്റിൽ നിന്ന് ഞാൻ പൈസ മോഷ്ടിച്ചിട്ടുണ്ട്. ആ പൈസയ്ക്ക് സിഗരറ്റ് വാങ്ങി വലിച്ചിട്ടുണ്ട്. കൂടെ പഠിച്ച ഒന്നുരണ്ട് പെൺകുട്ടികൾക്ക് പ്രേമലേഖനം നൽകിയിട്ടുണ്ട്. ഇതൊന്നും ഒരിക്കലും ഭാര്യയോട് പറഞ്ഞിട്ടില്ല. പരസ്പരബന്ധമില്ലാതെ അച്ഛൻ ഇങ്ങനെയൊക്കെ പറയുമ്പോൾ ചിലപ്പോൾ ഷീജയ്ക്ക് ചിരിവരും. ചിലപ്പോൾ കോപം വരും. ഇഷ്ടപ്പെടാതെ ഇടയ്ക്ക് എണീറ്റ് പോയെന്നും വരും. അപ്പോൾ ഭർത്താവ് കുറ്റപ്പെടുത്തും. ഇതൊന്നും അറിഞ്ഞ് ചെയ്യുന്നതല്ലെന്ന് ഡോക്ടർ എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്. കേടായ ടിവിയിൽ ചിലപ്പോൾ ദൃശ്യം തെളിയില്ല. ശബ്ദം കേട്ടെന്ന് വരാം. തിരിച്ചും സംഭവിക്കാം. അതുപോലെയാണ് മനുഷ്യമനസും മസ്തിഷ്കവും. മകളമ്മയെന്ന് പറയുന്നതിൽ നിന്നുതന്നെ അത് മനസിലാക്കണം. നീ സ്നേഹമുള്ള മകളാണ്. ചിലപ്പോൾ അമ്മയുടെ ഛായയും ഭാര്യയുടെ ഛായയും നിഴൽപോലെ ചിന്തകളിലൂടെ നടക്കുന്നതാണ്. നല്ല പുസ്തകങ്ങൾ വായിക്കാത്തതിന്റെ കുറവാണ്. വായനാശീലം ഇല്ലാത്തത് കുറ്റപ്പെടുത്തുമ്പോൾ ഷീജ നിശബ്ദയാകും. അച്ഛന്റെ മനസിൽ അദ്ദേഹത്തിന്റെ അമ്മയും ജീവിതപങ്കാളിയും ജീവിച്ചിരിക്കുന്നു. മരണം വരെ അത് തുടരും.
ഭർത്താവിന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഷീജയ്ക്ക് സങ്കടം വന്നു. സ്നേഹപൂർവ്വം അച്ഛനെ നോക്കി. പിന്നെ വിഷയം മാറ്റാനായി നേരത്തെ വായിച്ച കവിതയുടെ ബാക്കി ചോദിച്ചു. ആദ്യമായി ഭാര്യയുടെ കവിതാപ്രേമം കണ്ട് ഭർത്താവ് പൊട്ടിച്ചിരിച്ചു. പിന്നെ ഈണത്തിൽ ബാക്കി വായിച്ചു:
മീൻ വെള്ളത്തിൽ മത്തിയുടെ നിറം
പുൽത്തകിടിയിൽ കുതിരയുടെ നിറം
മനുഷ്യവേഷമണിഞ്ഞ പൂർണത
സ്നേഹപൂർവം ഷീജ ഭർത്താവിന്റെ കൈയിലെ പുസ്തകം വാങ്ങി അതിൽ ചുംബിച്ചു.
(ഫോൺ: 9946108220)