
മൊഹാലി: മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയുടെ നൂറാം ടെസ്റ്റിന് കാണികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം മാറ്റി ബി സി സി ഐ. വെള്ളിയാഴ്ച മൊഹാലിയിൽ ശ്രീലങ്കയ്‌ക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റിന് അമ്പത് ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. ബി സി സി ഐ സെക്രട്ടറി ജയ് ഷായാണ് കാണികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം അറിയിച്ചത്. മത്സരത്തിന് കാണികളെ കയറ്റണമോ എന്നത് ഓരോ സംസ്ഥാനത്തെയും കൊവിഡ‌് സാഹചര്യം കണക്കിലെടുത്ത് അതാത് സ്റ്റേറ്റ് അസോസിയേഷനുകളാണ് തീരുമാനിക്കുന്നതെന്നും ജയ് ഷാ വ്യക്തമാക്കി.
മത്സരത്തിന് മൂന്ന് ദിവസം മാത്രമേ ബാക്കിയുള്ളൂവെന്നതിനാൽ തന്നെ ടിക്കറ്റ് വില്പന ഉടനടി ആരംഭിക്കാനാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഓൺലൈൻ ടിക്കറ്റുകളുടെ വില്പന നാളെ തന്നെ ആരംഭിക്കുമെന്നും തത്ക്കാലത്തേക്ക് കൗണ്ടർ വഴിയുള്ള ടിക്കറ്റ് വില്പന ഉണ്ടായിരിക്കില്ലെന്നും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആർ പി സിംഗള മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സ്റ്റേഡിയം കൗണ്ടറിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഓൺലൈൻ ടിക്കറ്റ് വില്പന മാത്രമായി ചുരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വെസ്റ്റ് ഇന്‍ഡിസിനെതിരായ ഏകദിന പരമ്പരയിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. അതേസമയം കൊൽക്കത്തയിൽ നടന്ന ടി ട്വന്റി മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിച്ചിരുന്നു. ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി ട്വന്റി മത്സരം നടന്ന ലക്നൗവിൽ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് നടന്നിരുന്നതിനാൽ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല എന്നാൽ ധരംശാലയിൽ നടന്ന രണ്ടാമത്തെയും മൂന്നാമത്തെയും ടി ട്വന്റികൾക്ക് കാണികളെ പ്രവേശിപ്പിച്ചിരുന്നു.