ukraine

കീവ്: തുടർച്ചയായ ആറാം ദിവസവും ആക്രമണം തുടർന്ന് റഷ്യ. ബെലാറൂസിലെ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ യുക്രെയിൻ തലസ്ഥാനമായ കീവിൽ സ്‌ഫോടനങ്ങളുണ്ടായി. മൂന്ന് സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബ്രോവറിയിൽ വ്യോമാക്രമണമുണ്ടായി. ആക്രമണത്തിൽ ബ്രോവറി മേയർക്കും പരിക്കേറ്റു.

ആക്രമണം തുടരുന്ന സാഹചര്യത്തിൽ കീവിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി എട്ടുമുതൽ രാവിലെ ഏഴുവരെയാണ് കർഫ്യൂ. ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു. റഷ്യൻ ഷെല്ലാക്രമണത്തിൽ ഖാർക്കീവിൽ പതിനൊന്ന് തദ്ദേശിയർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ റീജണൽ ഗവർണർ അറിയിച്ചു.

അതേസമയം ബെലാറൂസിലെ ചർച്ചയിൽ ചില തീരുമാനങ്ങളിലെത്തിയെന്ന് യുക്രെയിൻ പ്രതിനിധി അറിയിച്ചു. ധാരണയിലെത്താനുള്ള നിർദേശങ്ങൾ രൂപപ്പെട്ടെന്ന് റഷ്യയും വ്യക്തമാക്കി. യുക്രെയിൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചർച്ചയിൽ ഇരുരാജ്യങ്ങളുടെയും ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് പങ്കെടുത്തത്. പോളണ്ട്-ബെലാറൂസ് അതിർത്തിയിൽ രണ്ടാംവട്ട ചർച്ച ഉടൻ ആരംഭിക്കും.