
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന്റെ ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും ഇന്ന് നടക്കും. ഇന്നലെ സബ് കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നു. എന്നാൽ ചർച്ചയിൽ സുരേഷിന്റെ ബന്ധുക്കളും ജനപ്രതിനിധികളും പങ്കെടുക്കാത്തതിനാൽ ഇൻക്വസ്റ്റ് നടത്താൻ കഴിഞ്ഞിരുന്നില്ല.
തിരുവല്ലം നെല്ലിയോട് മേലെ ടി.സി 65 /776 ചരുവിള പുത്തൻ വീട്ടിൽ പ്രഭാകരൻ - സുധ ദമ്പതികളുടെ മകൻ പി. സുരേഷാണ് മരിച്ചത്. തിരുവല്ലം മധുപാലം ജഡ്ജിക്കുന്ന് ഭാഗത്തുവച്ച് സ്ത്രീയെ ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് സുരേഷിനെയും സുഹൃത്തുക്കളായ രാജേഷ്, രാജേഷ് കുമാർ, വിനീത്, ബിജു എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായാറാഴ്ച രാത്രി എട്ട് മണിയോടെ കസ്റ്റഡിയിലെടുത്ത സുരേഷ് ഇന്നലെ രാവിലെ ഒൻപതരയോടെയാണ് മരിച്ചത്.
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് സുരേഷ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദനത്തിലാണ് യുവാവ് മരിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ വൈകിയും പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. സുരേഷിനൊപ്പം അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അംഗീകരിച്ചില്ല.