
കീവ്: യൂറോപ്യൻ യൂണിയനിൽ ചേരാൻ യുക്രെയിൻ ഔദ്യോഗികമായി ആപേക്ഷ നൽകി. അപേക്ഷയിൽ യുക്രെയിൻ പ്രസിഡന്റ് വ്‌ലൊളദിമിർ സെലെൻസ്‌കി കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനിൽ യുക്രെയിന് എത്രയും പെട്ടെന്ന് അംഗത്വം നൽകാനുള്ള നടപടിയെടുക്കണമെന്ന് സെലൻസ്‌കി അഭ്യർത്ഥിച്ചു.
റഷ്യയുടെ ആക്രമണം തടയാൻ യൂറോപ്യൻ യൂണിയനിൽ അംഗത്വം അത്യാവശ്യമാണെന്ന് അപേക്ഷയിൽ ഒപ്പിട്ട ശേഷം പ്രസിഡന്റ് പറഞ്ഞു. തന്റെ വസതിയിൽ വച്ചാണ് സെലെൻസ്കി അപേക്ഷയിൽ ഒപ്പിട്ടത്. യുക്രെയിൻ പ്രധാനമന്ത്രി ഡെന്നീസ് ഷിമിഗെൽ, പാർലമെന്റ് സ്പീക്കർ റൂസ്ലൻ സ്റ്റൈഫൻചംഗ് എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അതേസമയം റഷ്യൻ ഫുട്‌ബോൾ ടീമിനെയും, ക്ലബുകളെയും ഫിഫയും യുവേഫയും സസ്‌പെൻഡ് ചെയ്തു. എല്ലാ മത്സരത്തിലും വിലക്ക് നിലവിൽ വരും. ഈ മാസം നടക്കുന്ന ലോകകപ്പ് പ്ലേഓഫ് മത്സരങ്ങളിൽ റഷ്യൻ ടീമിന് കളിക്കാനാകില്ല. യുക്രെയിൻ ജനതകയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കി ഫിഫയും യുവേഫവും സംയുക്ത പ്രസ്താവന ഇറക്കി.