cpm

തിരുവനന്തപുരം: സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയതായി ജി സുധാകരൻ. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയാണ് പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും അദ്ദേഹം കത്തയച്ചത്.

75 വയസെന്ന പ്രായപരിധി കർശനമാക്കുന്നതിനിടെയാണ് ജി സുധാകരന് ഇളവുകൾ ലഭിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഇതിനിടെയാണ് തുടരാൻ താത്പര്യമില്ലെന്ന് കാട്ടി അദ്ദേഹം കത്ത് നൽകിയത്. അതേസമയം,​ ജി സുധാകരനെ മാറ്റാൻ കഴിയില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.

അടുത്തിടെ പാർട്ടിയ്‌ക്ക് അകത്ത് തന്നെ അദ്ദേഹത്തിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എച്ച് സലാമിനെ തോൽപ്പിക്കാൻ നോക്കി എന്ന് അമ്പലപ്പുഴയിലെ പ്രതിനിധി വിമർശിച്ചിരുന്നു. അധികാര മോഹിയാണ് സുധാകരൻ എന്നാണ് മാവേലിക്കരയിലെ പ്രതിനിധി വിമർശനം ഉന്നയിച്ചത്.

കൂടാതെ,​ പടനിലം സ്‌കൂളുമായി ബന്ധപ്പെട്ട കോഴ വിവാദത്തിൽ ആരോപണവിധേയനായ കെ രാഘവനെ സുധാകരൻ പിന്തുണച്ചുവെന്നും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സംസ്ഥാന സമിതിയിൽ തുടരാനില്ലെന്ന് വ്യക്തമാക്കി പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും അദ്ദേഹം കത്ത് നൽകിയിരിക്കുന്നത്.

കേന്ദ്ര കമ്മിറ്റി തീരുമാനം അനുസരിച്ചാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെ അം​ഗങ്ങൾക്കും ഉയർന്ന പ്രായപരിധി 75 ആയി നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ പ്രായപരിധിക്ക് പുറത്താണെങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് ഇളവ് ലഭിക്കും. എന്നാൽ,​ എംഎൽഎ ആയ എം എം മണി സംസ്ഥാന സമിതിയിൽ ഉണ്ടാകുമോയെന്ന് അറിയാനാണ് പാർട്ടി കാത്തിരിക്കുന്നത്.

അതേസമയം,​ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റിലെ മുതിർന്ന അംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. അല്പസമയത്തിനകം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.