uae

ദുബായ്: റഷ്യ- യുക്രെയിൻ സംഘർഷത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ യു എ ഇയിൽ ഇന്ധന വില കുതിച്ചുയരുന്നു. ചരിത്രത്തിലാദ്യമായി യു എ ഇയിൽ പെട്രോൾ വില മൂന്ന് ദിർഹത്തിന് മുകളിൽ എത്തിയിരിക്കുകയാണ്.

പെട്രോൾ സൂപ്പർ ലിറ്ററിന് മൂന്ന് ദിർഹം 23 ഫിൽസും സ്പെഷ്യൽ ലിറ്ററിന് മൂന്ന് ദിർഹം 12 ഫിൽസുമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസത്തെ നിരക്ക് അപേക്ഷിച്ച് പതിനൊന്ന് ശതമാനത്തോളം വില വർദ്ധനവാണ് മാർച്ച് മാസത്തിൽ തുടക്കത്തിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. റഷ്യൻ ആക്രമണത്തെത്തുടർന്ന് ആഗോളതലത്തിൽ വില ഉയർന്നിരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറായി ഉയർന്നത് പിന്നീട് 100 ഡോളറായി കുറഞ്ഞു. കൊവിഡ് വ്യാപനത്തിന് പിന്നാലെ യു എ ഇയിൽ ഇന്ധനവില ഒരേ നിലയിൽ തന്നെ തുടരുകയായിരുന്നു. ഇന്ധന വില വർദ്ധനവ് സംബന്ധിച്ച് ചർച്ച ചെയ്യാൻ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക് (ഓർഗനൈസേഷൻ ഒഫ് ദി പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ്) യോഗം മാർച്ച് രണ്ടിന് ചേരും.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയും കുതിക്കുകയാണ്. രണ്ട് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കായ 1970 ഡോളറിലാണ് ഇപ്പോൾ സ്വർണവില എത്തിനിൽക്കുന്നത്. അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളർ രേഖപ്പെടുത്തി.