war

കീവ് : താരതമ്യേന ചെറിയ ശക്തിയായ യുക്രെയിൻ യുദ്ധം തുടങ്ങി മണിക്കൂറുകൾക്കകം റഷ്യയ്ക്ക് മുന്നിൽ മുട്ടുകുത്തും എന്ന് കരുതിയവർക്ക് പിഴച്ചിരിക്കുകയാണ്. ആദ്യ ദിവസം മുതൽ പ്രത്യക്ഷമായി സഹായിക്കാൻ ആരും ഉണ്ടാവില്ലെന്ന തിരിച്ചറിവിലും പതറാതെ പോരാടിയ യുക്രെയിൻ സൈന്യത്തിന് മുന്നിൽ റഷ്യയുടെ മുന്നേറ്റം തടയപ്പെടുകയാണ്. രാജ്യ തലസ്ഥാനത്തേയ്ക്ക് അടുക്കും തോറും റഷ്യൻ സൈന്യത്തിന് കടുത്ത വെല്ലുവിളികളാണ് യുക്രെയിൻ സൈന്യം ഉയർത്തുന്നത്. റഷ്യ വിരുദ്ധരായ പാശ്ചാത്യ രാജ്യങ്ങളും ഇതൊരു സുവർണാവസരമായിട്ടാണ് കാണുന്നത്. റഷ്യ യുദ്ധത്തിൽ വിജയിച്ചാലും, സാമ്പത്തികമായി യുദ്ധം രാജ്യത്തിനുണ്ടാക്കുന്ന ബാദ്ധ്യത വളരെ വലുതായിരിക്കും. അതിനാൽ തന്നെ യുദ്ധത്തിന്റെ ദിവസങ്ങൾ നീളുന്നത് റഷ്യയെ കുഴക്കുന്നുണ്ട്. റഷ്യയുടെ മുന്നേറ്റത്തിന് മുന്നിൽ ചെറുത്തുനിൽപ്പ് നടത്തിക്കൊണ്ടിരിക്കുന്ന യുക്രെയിൻ സൈന്യത്തിന് ആയുധവിതരണം ശക്തമാക്കിയിരിക്കുകയാണ് പാശ്ചാത്യ ശക്തികൾ. റഷ്യയുടെ സൈന്യത്തെ ചെറുക്കാൻ തങ്ങൾക്ക് കൂടുതൽ ആയുധങ്ങൾ ആവശ്യമുണ്ടെന്ന് യുക്രെയിൻ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. യുക്രെയിന് ലോകരാജ്യങ്ങൾ കൈമാറിയ ആയുധങ്ങൾ ഇവയാണ്.

ജർമ്മനി
യുക്രെയിന് സൈനിക സഹായം അയക്കുന്നവരിൽ ജർമ്മനി ടാങ്ക് വിരുദ്ധ മിസൈലുകളും വ്യോമ പ്രതിരോധ തോക്കുകളുമാണ് അയക്കുന്നത്. ഇതിന് പുറമേ പതിനാല് കവചിത വാഹനങ്ങൾ അയക്കാനും ജർമനി തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ യുക്രെയിനിലേക്ക് ആയുധങ്ങൾ നൽകാൻ വിസമ്മതിച്ച രാജ്യമാണ് ജർമ്മനി. എന്നാൽ ഇപ്പോൾ യുക്രെയിനിന്റെ ചെറുത്ത് നിൽപ്പിന് ശേഷമാണ് 1,000 ടാങ്ക് വിരുദ്ധ ആയുധങ്ങളും 500 സ്റ്റിംഗർ ഉപരിതല മിസൈലുകളും കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. ഇവ യുക്രയ്നിന് നൽകുമെന്ന് ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു.

war

അമേരിക്ക
യുദ്ധം തുടങ്ങി ആയുധങ്ങൾക്കായി യുക്രെയിൻ സഹായം അഭ്യർത്ഥിച്ചപ്പോൾ തന്നെ യുഎസ് സ്റ്റോക്കുകളിൽ നിന്ന് 350 മില്യൺ ഡോളറിന്റെ ആയുധങ്ങൾ നൽകാൻ പ്രസിഡന്റ് ജോ ബൈഡൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് നിർദ്ദേശം നൽകിയിരുന്നു. വിദേശ സഹായ നിയമത്തിലൂടെ അനുവദിച്ച 350 മില്യൺ ഡോളർ യുക്രെയ്നിന്റെ പ്രതിരോധത്തിനായി നിയോഗിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ബൈഡൻ നിർദ്ദേശിച്ചു. റഷ്യയ്ക്ക് വൻ വെല്ലുവിളി ഉയർത്തുന്ന ജാവലിൻ ടാങ്ക് വിരുദ്ധ റോക്കറ്റുകളും സ്റ്റിംഗർ മിസൈലുകളുമാണ് യുക്രെയിൻ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നത്. ലോകത്തിലെ ഏറ്റവും ആധുനികമായ പോർട്ടബിൾ ടാങ്ക് വിരുദ്ധ മിസൈലുകളിൽ ഒന്നാണ് ജാവലിൻ, അഞ്ച് കിലോമീറ്റർ പരിധിയിലുള്ള ടാങ്കുകൾക്കും കവചിത വാഹകർക്കുമെതിരെ ശക്തമായ ആക്രമണം ഇതിന് നടത്താനാവും. യു എസ് സ്റ്റിംഗർ മിസൈൽ ഭാരം കുറഞ്ഞതും തോളിൽ വച്ച് വിക്ഷേപിക്കാവുന്നതുമായ വ്യോമ പ്രതിരോധ സംവിധാനമാണ്, അത് കരസേനയ്ക്ക് വേഗത്തിൽ ഉപയോഗിക്കാൻ കഴിയും. റഷ്യൻ വിമാനങ്ങളുടെ അന്തകനാവാൻ ഇവയ്ക്ക് സാധിക്കും.


യൂറോപ്യൻ യൂണിയൻ
റഷ്യൻ സേനയെ നേരിടാൻ യുക്രെയ്ൻ സൈന്യത്തിന് ടാങ്ക് വിരുദ്ധ ആയുധങ്ങൾ ബ്രിട്ടൻ ഇതിനകം അയച്ചിട്ടുണ്ട്. ആയിരക്കണക്കിന് ടാങ്ക് വിരുദ്ധ റോക്കറ്റുകളാണ് യുക്രെയിനിന് നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ആയുധങ്ങൾ യുക്രെയിനിലേക്ക് അയയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം തന്നെ ഏകദേശം 2000 ടാങ്ക് വേധ മിസൈലുകൾ ഉക്രെയിനിലേക്ക് അയക്കുകയും ചെയ്തു. വേണ്ടി വന്നാൽ യുക്രെയിന് യുദ്ധവിമാനങ്ങൾ നൽകാനും യൂറോപ്യൻ യൂണിയൻ തയ്യാറാണെന്ന് റിപ്പോർട്ടുകളുണ്ട്.


ഫിൻലാൻഡ്
നിലവിലെ നയം മാറ്റി യുക്രെയ്നിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും അയയ്ക്കുന്ന മറ്റൊരു രാജ്യം ഫിൻലൻഡാണ്. 2,500 ആക്രമണ റൈഫിളുകൾ, 150,000 ബുള്ളറ്റുകൾ, 1,500 ടാങ്ക് വിരുദ്ധ ആയുധങ്ങൾ, 70,000 ഭക്ഷണ പൊതികൾ എന്നിവ ഫിൻലാൻഡ് അയച്ചതായി പ്രതിരോധ മന്ത്രി ആന്റി കൈക്കോണൻ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചേരിചേരാ രാജ്യമെന്ന പ്രതിച്ഛായ നിലനിർത്തിയിരുന്ന ഫിൻലൻഡിന്റെ നയം മാറ്റം ഏറെ ശ്രദ്ധേയമാണ്. യുക്രെയ്നിന് ഹെൽമറ്റ്, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, പ്രാഥമിക ശുശ്രൂഷ ഉപകരണങ്ങൾ എന്നിവ നൽകുമെന്ന് നോർഡിക് സ്റ്റേറ്റ് ഞായറാഴ്ച അറിയിച്ചിരുന്നു.

ഫ്രാൻസ്
യുക്രെയിൻ വിഷയത്തിൽ അമേരിക്കയ്ക്കും ഒരു പടിമുന്നിൽ റഷ്യയെ ഇപ്പോൾ വിമർശിക്കുന്ന രാജ്യമാണ് ഫ്രാൻസ്.
റഷ്യയുടെ അധിനിവേശത്തിനെതിരെ യുക്രെയിനെ പിന്തുണയ്ക്കുന്നതിനായി പ്രതിരോധ സൈനിക ഉപകരണങ്ങൾ അയയ്ക്കാൻ ഫ്രാൻസ് തീരുമാനിച്ചിട്ടുമുണ്ട്.

war

ബെൽജിയം
മറ്റൊരു യൂറോപ്യൻ യൂണിയൻ അംഗമായ ബെൽജിയം 2,000 മെഷീൻ ഗണ്ണുകളും 3,800 ടൺ ഇന്ധനവും അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുക്രേനിയൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ഗ്രീസ് പ്രതിരോധ സാമഗ്രികൾ അയയ്ക്കും. രണ്ട് സി130 സൈനിക ചരക്ക് വിമാനങ്ങൾ ഇതിനായി യുക്രെനിലേക്ക് പോകും.

നോർവേ
റഷ്യയുടെ അധിനിവേശത്തെ എതിർത്ത്, യൂറോപ്യൻ രാജ്യമായ നോർവീജിയയും യുക്രെയ്നിലേക്ക് ആയുധങ്ങൾ അയയ്ക്കുമെന്ന് തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. 2,000 എം72 ടാങ്ക് വിരുദ്ധ ആയുധങ്ങൾ നൽകും.


നെതർലാൻഡ്സ്
എയർ ഡിഫൻസ് റോക്കറ്റുകളും ആന്റി ടാങ്ക് സംവിധാനങ്ങളും നൽകുമെന്ന് ഡച്ച് സർക്കാർ കഴിഞ്ഞ ആഴ്ച പാർലമെന്റിന് അയച്ച കത്തിൽ അറിയിച്ചിരുന്നു.

ഇതിന് പുറമേ റഷ്യൻ സേനയെ നേരിടാൻ യുക്രെയ്നിനൊപ്പം ചേരാൻ വിദേശികളും രാജ്യത്തേക്ക് എത്തുന്നുണ്ട്. ഇവരെ ഔദ്യോഗികമായി യുക്രെയിൻ സ്വാഗതം ചെയ്തിട്ടുണ്ട്. 'റഷ്യൻ അധിനിവേശക്കാർക്കെതിരായ ചെറുത്തുനിൽപ്പിൽ ചേരാനും ആഗോള സുരക്ഷ സംരക്ഷിക്കാനും ആഗ്രഹിക്കുന്ന എല്ലാ വിദേശികളെയും യുക്രേനിയൻ നേതൃത്വം ഞങ്ങളുടെ രാജ്യത്തേക്ക് വരാനും പ്രാദേശിക പ്രതിരോധ സേനയിൽ ചേരാനും ക്ഷണിക്കുന്നു,' സെലെൻസ്‌കി പ്രസിഡൻഷ്യൽ വെബ്‌സൈറ്റിലെ പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ പൗരന്മാർക്ക് യുക്രെയ്നിൽ വേണമെങ്കിൽ യുദ്ധം ചെയ്യാൻ പോകാമെന്ന് ലത്വിയ പാർലമെന്റ് പ്രമേയം പാസാക്കിയിരുന്നു.