
വലിയ സിനിമയിറങ്ങുമ്പോൾ അതിലെ സൂപ്പർതാരങ്ങൾ ആരാധകർക്കൊപ്പമിരുന്ന് ചിത്രം കാണുന്നത് പുതിയ ട്രെൻഡാണ്. എന്നാൽ താനൊരിക്കലും ആരാധകർക്കൊപ്പമിരുന്ന് സിനിമ കാണില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. പുതിയ ചിത്രം ഭീഷ്‌മപർവത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.
'ഞാനൊരിക്കലും തീയേറ്ററിൽ ആരാധകർക്കൊപ്പമിരുന്നു സിനിമ കാണാറില്ല. അവരുടെ സന്തോഷത്തിനാണെങ്കിൽ ഒരു ഷോ അല്ലേ നമുക്ക് കാണാൻ പറ്റൂ, അതും കേരളത്തിലെ ഏതെങ്കിലും ഒരു തീയേറ്ററിൽ. അങ്ങനെ ഒരു ഷോയ്‌ക്ക് മാത്രം പോയിട്ട് കാര്യമില്ല. ആരാധകർക്കെല്ലാം കാണണമെന്ന് ആഗ്രഹമുള്ളവരായിരിക്കും. എല്ലാ തീയേറ്ററിലും പോകാൻ കഴിയില്ല. അപ്പോൾ കുറച്ച് പേർക്ക് മാത്രമല്ലേ അങ്ങനെയൊരു അവസരം കിട്ടൂ. അതുകൊണ്ടാണ് വേണ്ടെന്ന് വച്ചത്. ഞാൻ തീയേറ്റിൽ പോയാൽ, എന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ അവരുടെ റിയാക്ഷൻ വേറെയായിരിക്കും. അവർക്ക് സിനിമ കാണാൻ നേരമുണ്ടാകില്ല." മമ്മൂട്ടി പറയുന്നു.