bomb-

കീവ് : മനുഷ്യശരീരം ബാഷ്പീകരിക്കാൻ ശേഷിയുള്ള വാക്വം ബോംബ് റഷ്യ യുക്രെയിനിൽ പ്രയോഗിച്ചുവെന്ന് ആരോപണം. നിരോധിച്ച വാക്വം ബോംബുകളും ക്ലസ്റ്റർ ബോംബുകളും തങ്ങൾക്ക് നേരെ റഷ്യ പ്രയോഗിച്ചതായി യുക്രെയിൻ അധികൃതർ ആരോപിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ ആണവ ഇതര ബോംബായി കണക്കാക്കപ്പെടുന്ന വാക്വം ബോംബ് റഷ്യ യുക്രെയിനിൽ ഉപയോഗിക്കുമോ എന്ന ആശങ്ക ലോകത്തിനുണ്ടായിരുന്നു. യുദ്ധത്തിന്റ രൂക്ഷത കൂടിയ സാഹചര്യത്തിലാവും റഷ്യ ഈ അറ്റകൈ പ്രയോഗത്തിന് ഒരുങ്ങിയത്. യുക്രെയിന്റെ അതിർത്തിയിൽ ഒരു റഷ്യൻ തെർമോബാറിക് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ കണ്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.

എല്ലാ ബോംബുകളുടെയും പിതാവ്

'എല്ലാ ബോംബുകളുടെയും പിതാവ്' എന്ന വിശേഷണമുള്ള തെർമോബാറിക് ആയുധം പ്രയോഗിക്കുമ്പോൾ ഉയർന്ന താപനിലയിലാണ് സ്‌ഫോടനം നടക്കുക. ബോംബ് വീഴുന്നതിന് ചുറ്റുമുള്ള വായുവിൽ നിന്നും ഓക്സിജൻ വലിച്ചെടുക്കുന്നതിനാലാണ് സ്‌ഫോടനം ഉഗ്രശേഷിയിലെത്തുന്നത്. ദൈർഘ്യമുള്ള ഒരു സ്‌ഫോടന തരംഗം സൃഷ്ടിക്കാൻ ഇതിലൂടെ വാക്വം ബോംബുകൾക്കാവും. ചുറ്റിലുമുള്ള വസ്തുക്കളെ ചുട്ടുകരിക്കാനും സാധിക്കും. മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കാൻ കഴിവുള്ള ബോംബുകൾ ഉപയോഗിച്ചു എന്ന ആരോപണത്തിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസിലെ യുക്രെയിൻ അംബാസഡർ ഒക്സാന മാർക്കറോവയാണ് റഷ്യ വാക്വം ബോംബ് ഉൾപ്പെടുന്ന ആയുധങ്ങൾ യുദ്ധത്തിൽ ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തിയത്. വ്യാപകമായി നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നതായി ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്സ് വാച്ചും ആരോപണം ഉന്നയിച്ചിട്ടുണ്ട്. സാധാരണക്കാർ യുക്രെയിനിലെ ഒരു പ്രീസ്‌കൂളിൽ അഭയം പ്രാപിച്ചപ്പോൾ റഷ്യൻ സൈനികർ ആക്രമിച്ചതായും ആംനസ്റ്റി ആരോപിച്ചു.