
കീവ്: 'അമ്മേ ഞാനിപ്പോൾ യുക്രെയിനിലാണ്. ഇവിടെ യുദ്ധം തീവ്രമായികൊണ്ടിരിക്കുകയാണ്. എനിക്ക് ഭയമുണ്ട്. എല്ലാ നഗരത്തിലും ഞങ്ങൾ ബോംബിടുകയാണ്. സാധാരണ ജനങ്ങളെ പോലും ഉന്നം വയ‌്ക്കുന്നു'. ഒരു റഷ്യൻ സൈനികൻ മരിക്കുന്നതിന് മുമ്പ് തന്റെ അമ്മയക്ക് അയച്ച ശബ്‌ദ സന്ദേശമാണിത്. ഐക്യരാഷ്‌ട്ര സഭയുടെ ജനറൽ അസംബ്ളിയിൽ യുക്രെയിൻ അംബാസിഡറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മകന്റെ വിവരമൊന്നും അറിയാത്തതിനെ തുടർന്ന് എന്താണ് കാരണമെന്ന് തിരക്കിയാണ് ആ അമ്മ മകന് സന്ദേശമയച്ചത്. പറ്റുമെങ്കിൽ ഒരു സമ്മാനം അയക്കട്ടെയെന്നും ചോദിച്ചു. മറുപടിയായി അയാൾ ഇതുകൂടി പറഞ്ഞു. 'എനിക്ക് സ്വയം തൂങ്ങിമരിക്കാൻ തോന്നുകയാണ് അമ്മേ. അവർ (യുക്രെയിനികൾ) ഞങ്ങളെ സ്വീകരിക്കുന്നത് എങ്ങനെയെന്ന് അറിയുമോ? ഞങ്ങളുടെ സൈനിക് വാഹനത്തിന് മുന്നിലേക്ക് വീഴുകയാണവർ. കടന്നുപോകാൻ അനുവദിക്കുന്നില്ല. ഫാസിസ്‌റ്റുകളെന്നാണ് ഞങ്ങളെ യുക്രെയിനുകൾ വിളിക്കുന്നത്. സഹിക്കാൻ കഴിയുന്നില്ലമ്മേ'.
ദുരന്തത്തിന്റെ ഭീകരത ഒന്നുസങ്കൽപ്പിച്ചുനോക്കൂ എന്നാണ് യുഎന്നിൽ ഈ സന്ദേശം വായിച്ച ശേഷം യുക്രെയിൻ അംബാസിഡർ പറഞ്ഞത്. യുക്രെയിൻ നൽകുന്ന ഔദ്യോഗിക വിവരമനുസരിച്ച് യുദ്ധം തുടങ്ങി ഇതുവരെ 4500 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ്.