
കീവ് : റഷ്യയ്‌ക്കെതിരെ രാജ്യത്തിനായി പടക്കളത്തിലുള്ള സൈനികർക്ക് വേതനം കുത്തനെ വർദ്ധിപ്പിച്ച് യുക്രേനിയൻ പ്രസിഡന്റ് വ്‌ലോഡമിർ സെലെൻസ്. സൈനികർക്ക് പ്രതിമാസം 100,000 ഹ്രിവ്നിയ (ഉക്രേനിയൻ കറൻസി) നൽകാനുള്ള ഉത്തരവിൽ ഉക്രേനിയൻ പ്രസിഡന്റ് വ്‌ലോഡമിർ സെലെൻസ്‌കി ഇന്നലെ ഒപ്പുവച്ചു. ഒരു ഹ്രിവ്നിയയ്ക്ക് ഇന്ത്യൻ കറൻസിയിൽ 2.51 രൂപയാണ് മൂല്യം. സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവരുടെ വേതനം ഉയർത്താൻ ഭരണകൂടം തീരുമാനിച്ചത്. റഷ്യൻ ആക്രമണം നേരിടുന്ന പ്രദേശങ്ങളിൽ തുടരാൻ സൈനികരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.
ആക്രമണത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബാംഗങ്ങൾക്ക് ഒറ്റത്തവണയായി 15 മില്യൺ ഹ്രിവ്നിയ നഷ്ടപരിഹാരമായി നൽകും. കൂടുതൽ അവകാശികളുണ്ടെങ്കിൽ ഈ തുക കൃത്യമായി വീതിച്ച് നൽകും. യുദ്ധത്തിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥർക്കും സൈനിക നിയമപ്രകാരം പ്രതിമാസം 30,000 യുഎഎച്ച് അധികമായി നൽകുമെന്ന് മന്ത്രാലയം ഫേസ്ബുക്ക് പോസ്റ്റിലൂടെയും അറിയിച്ചിട്ടുണ്ട്.
സായുധ സേനയിലെ സൈനികർ, സുരക്ഷാ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, വിദേശ രഹസ്യാന്വേഷണ വിഭാഗം, പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാന ഇന്റലിജൻസ് ഡയറക്ടറേറ്റ്, ദേശീയ ഗാർഡ്, സ്റ്റേറ്റ് ബോർഡർ ഗാർഡ് സർവീസ്, സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്, സ്റ്റേറ്റ് സ്‌പെഷ്യൽ കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ പ്രൊട്ടക്ഷൻ സർവീസ്, സ്റ്റേറ്റ് സ്‌പെഷ്യൽ ട്രാൻസ്‌പോർട്ട് സർവീസ്, റാങ്ക് ആൻഡ് ഫയൽ, സ്റ്റേറ്റ് എമർജൻസി സർവീസിലെ സീനിയർ സ്റ്റാഫ്, പൊലീസ് ഓഫീസർമാർ എന്നിവർക്ക് പ്രതിമാസം 30,000 യുഎഎച്ച് അധിക ആനുകൂല്യം ലഭിക്കും.
റഷ്യയുടെ 4300 സൈനികരെ വധിച്ചുവെന്നാണ് യുക്രെയിൻ അവകാശപ്പെടുന്നത്. 200ലധികം പേരെ യുദ്ധത്തടവുകാരായി പിടികൂടിയിട്ടുമുണ്ട്. അതേസമയം 14 കുട്ടികളുൾപ്പെടെ 352 യുക്രേനിയൻ സിവിലിയൻമാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാൽ 4300 സൈനികരെ വധിച്ചുവെന്ന യുക്രേനിയൻ വാദം റഷ്യ നിഷേധിച്ചു.