
സാഹിത്യ - സാംസ്കാരിക മേഖലകളിൽ നിലനിന്നിരുന്ന സവർണാധിപത്യത്തെ പ്രതിഭാവിലാസം കൊണ്ടും കവിത്വസിദ്ധികൊണ്ടും ചോദ്യം ചെയ്യുകയും കീഴ്പ്പെടുത്തുകയും ചെയ്ത കവിശ്രേഷ്ഠന്മാരാണ് വെളുത്തേരി കേശവൻ വൈദ്യരും പെരുത്തെല്ലി കൃഷ്ണൻ വൈദ്യരും. ഒരു ഞെട്ടിലെ രണ്ടു പൂക്കളായി വിടർന്ന് പരിലസിച്ചെങ്കിലും ക്ഷണികജീവിതമായിരുന്നു. ജന്മനാട്ടിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം ഇവർ വാരണപ്പള്ളിയിൽ കുമ്മമ്പള്ളി രാമൻപിള്ള ആശാന്റെ കീഴിൽ ആയുർവേദവും സംസ്കൃത കാവ്യനാടകാദികളും ഹൃദിസ്ഥമാക്കി. ഇരുവരുടെയും ജീവിതത്തിലെ വസന്തകാലമായിരുന്നു ഇത്.
ഇവിടെവച്ചാണ് യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ സഹപാഠികളാകാനുള്ള സൗഭാഗ്യമുണ്ടായത്. ഈ രണ്ടു വിദ്വത് കവികളുടെ സാഹിത്യസംഭാവനകൾ, ജീവിതമുഹൂർത്തങ്ങൾ എന്നിവയെക്കുറിച്ച് പരിമിതമായ പഠനങ്ങളും വ്യാഖ്യാനങ്ങളുമേ ഉണ്ടായിട്ടുള്ളൂ. ആ കുറവ് പരിഹരിക്കുന്ന രീതിയിൽ മികച്ച അദ്ധ്യാപകനും സംസ്കൃതപണ്ഡിതനുമായ മഹോപാദ്ധ്യായ വി. കുഞ്ഞുകൃഷ്ണൻ രചിച്ച പ്രൗഢോജ്വലമായ ഗ്രന്ഥമാണ് 'വിസ്മൃതരായ രണ്ട് വിദ്വത് കവികൾ." പിതാവായ വി. കുഞ്ഞുകൃഷ്ണന്റെ ആയുഷ്കാല ഗവേഷണത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് ഈ കൃതിയെന്ന് മകൾ പ്രൊഫ. എസ്. ശ്രീദേവി ആമുഖമായി പറയുന്നുണ്ട്.
ചുരുങ്ങിയ കാലയളവിനുള്ളിൽ സാഹിത്യസപര്യയിൽ വ്യാപരിക്കുകയും എക്കാലവും ഓർമ്മിക്കപ്പെടുന്ന കൃതികൾ മലയാളത്തിന് സംഭാവന ചെയ്യുകയും ചെയ്ത വെളുത്തേരിയേയും പെരുത്തെല്ലിയേയും നമ്മുടെ സാഹിത്യ ചരിത്രകാരന്മാർ വേണ്ടത്ര വിലയിരുത്തുകയോ രേഖപ്പെടുത്തുകയോ ചെയ്തില്ല. അക്കൂട്ടർ തമസ്ക്കരിച്ചെങ്കിലും അമൂല്യമായ അവരുടെ രചനകൾ മലയാളത്തിന്റെ അപൂർവശോഭയാർന്ന അലങ്കാരങ്ങളും ആഭരണങ്ങളുമാണ്. അനർഹർ വളഞ്ഞവഴികളിലൂടെ ഇരിപ്പിടങ്ങൾ കൈയടക്കുകയും അർഹരായവരെ പുറത്താക്കുകയും ചെയ്യുന്നതു പണ്ടു മുതൽക്കേയുണ്ട്. ജാതി, കുലമഹിമ, രാഷ്ട്രീയപിൻബലം എന്നിവയുടെ അകമ്പടിയോടെ ആ പ്രവണത ഇപ്പോഴും തുടരുന്നു. വിസ്മൃതരാക്കിയ രണ്ടു പ്രതിഭകളെയും സരസ്വതീപൂജ നടത്തി ആദരിക്കുന്ന ഈ ഗ്രന്ഥം അക്ഷരദ്റോഹികൾ ചെയ്ത അപരാധത്തെ മറയ്ക്കുകയും കാവ്യനീതി നടപ്പാക്കുകയും ചെയ്യുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ കൃതി പ്രകാശനം ചെയ്തിട്ടുള്ളത്. രണ്ട് വിദ്വത് കവികൾക്കുള്ള പദപൂജയെന്നോ പാദപൂജയെന്നോ ഈ കൃതിയെ വിശേഷിപ്പിക്കാം.