
മഹാദാർശനികനായ ശങ്കരാചാര്യരെ ലോകത്തിനു സംഭാവന ചെയ്ത കേരളത്തിന് എക്കാലത്തും അഭിമാനിക്കാൻ അത് വക നൽകുന്നു. ശങ്കരാചാര്യരുടെ കാലശേഷം അറുപതോളം മഹാന്മാരായ ആചാര്യന്മാരും മുപ്പതിലധികം പ്രസ്ഥാനങ്ങളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. 'വേദാന്തദർശനത്തിന് കേരളത്തിന്റെ സംഭാവന" എന്ന ഡോ. വി. ശിശുപാലപ്പണിക്കരുടെ കൃതി ഭാരതീയ ദർശനത്തിലേക്ക് വെളിച്ചം വീശുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ.
ഗ്രന്ഥകാരന്റെ രചനാരീതി ഏറ്റവും അനുകരണീയമായ ഒന്നാണ്. ശങ്കരാചാര്യരെ തന്നെയാണ് അദ്ദേഹം  നടുനായകനായി എടുത്തിട്ടുള്ളത്. എങ്കിലും ശങ്കരനുമുമ്പുള്ള വേദാന്തികളിൽ നിന്നാണ് ഗ്രന്ഥകാരൻ തുടങ്ങുന്നത്. വേദാന്തം വേദങ്ങളിൽ നിന്നു വേണമല്ലോ തുടങ്ങാൻ. വേദമില്ലാത്ത എന്തു വേദാന്തം. വേദങ്ങളുടെ അന്തിമഭാഗമായ ഉപനിഷത്തുക്കളെയാണല്ലോ  വേദാന്തം  എന്നു പറഞ്ഞു  തുടങ്ങിയത്. ഉപനിഷത് വാക്യങ്ങളെ വേദാന്തമായി ക്രോഡീകരിക്കുകയാണ് ബ്രഹ്മസൂത്രത്തിൽ ബാദരായണൻ ചെയ്തത്. ബാദരായണന്റെ ദർശനമെന്തെന്ന് പ്രതിപാദിച്ചശേഷം നമ്മുടെ ഗ്രന്ഥകാരൻ ഭർതൃഹരിയുടെ വാക്യപദീയത്തിലേയ്ക്ക് കടക്കുന്നു. തുടർന്ന് ഭവ്യൻ എന്ന ആചാര്യന്റെ മധ്യമകഹൃദയം എന്ന ഗ്രന്ഥത്തിലേക്കും ചില മുക്തകങ്ങളിലേയ്ക്കും ഭഗവദ്ഗീതയിലേക്കും കടക്കുന്നു. വേദാന്തദർശനത്തിന്റെ ആധാരഗ്രന്ഥങ്ങളിലൊന്നാണല്ലോ ഭഗവദ്ഗീത.
ഗൗഡപാദാചാര്യരാണ് അദ്വൈതവേദാന്തസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നു പറയാം. അദ്ദേഹം മാണ്ഡൂകോപനിഷത്ത് സൂക്ഷ്മമായി വിലയിരുത്തി രചിച്ച മാണ്ഡൂക്യകാരികകളാണ് വേദാന്തത്തിന്റെ ആദ്യത്തെ ആധാരം. നാലുപാദങ്ങളിലായി വിന്യസിച്ചിട്ടുള്ള മാണ്ഡൂക്യകാരികകളിൽ അദ്വൈതവേദാന്തത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെല്ലാം, വിശേഷിച്ച് മായാവാദം പ്രതിപാദിച്ചിട്ടുണ്ട്. ഉചിതമായ പ്രാധാന്യം നൽകിയാണ് ഗൗഡപാദന്റെ ദർശനത്തെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
നാന്നൂറ്റി ഇരുപത്തിയാറ് പുറങ്ങളുള്ള ഈ പുസ്തകം ഒറ്റ ഇരുപ്പിൽ വായിച്ചുതീർക്കാവുന്ന ഒന്നല്ല. എന്നാൽ ഒൻപത് അദ്ധ്യായങ്ങളുടെയും ഒടുവിലായി ചേർത്തിരിക്കുന്ന അദ്ധ്യായസംഗ്രഹം ആർക്കും ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്നതാണ്. ഈ ലേഖനത്തിനു വിഷയമായ 'വേദാന്തദർശനത്തിന് കേരളത്തിന്റെ സംഭാവന" എന്ന പുസ്തകം വേദാന്തദർശനത്തിനു കേരളം നൽകിയിട്ടുള്ള ഏറ്റവും ഒടുവിലത്തെ മികച്ച സംഭാവനയാണ്.
(ഫോൺ: 9387802849)