g

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത പാപ്പൻ ഏപ്രിൽ 28ന് തിയേറ്ററിൽ എത്തും. പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി വീണ്ടും കാക്കിയണിയുന്ന ചിത്രത്തിൽ എബ്രാഹം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ 2012 ൽ പുറത്തിറങ്ങിയ ദ കിംഗ് ആൻഡ് ദ കമ്മിഷണർ എന്ന ചിത്രത്തിലാണ് പ്രേക്ഷകർ സുരേഷ് ഗോപിയെ പൊലീസ് യൂണിഫോമിൽ അവസാനം കണ്ടത്. സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ട് 22 വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.

ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ചിത്രത്തിലൂടെ സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. സണ്ണി വയ്ൻ, നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ എന്നിവരാണ് മറ്റു താരങ്ങൾ. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്നാണ് നിർമ്മാണം. ആർ.ജെ ഷാനാണ് രചന. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം: സുജിത് ജെ. നായർ, ഷാജി, എഡിറ്റർ: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.