
ഒരാളെയും അനുകരിക്കരുത്. 'നാരദൻ" എന്ന സിനിമയിലെ വാർത്താവതാരകനായി അഭിനയിക്കും മുമ്പ്  ടൊവിനോ തോമസിനോട് സംവിധായകൻ ആഷിക്ക് അബു പറഞ്ഞത് ഇത്രമാത്രമായിരുന്നു. അത് അക്ഷരം പ്രതി പാലിച്ചിട്ടുണ്ട്  ടൊവിനോ. സ്വപ്നം കണ്ട സിനിമയിലേക്ക് മികച്ച കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്നതിന്റെ സന്തോഷം ആ മുഖത്ത് തിളങ്ങുന്നുണ്ട്.
ഇരിങ്ങാലക്കുടയിലെ  തോമസ് വക്കീലിന്റെ മകനിൽ നിന്നും ഇന്ത്യ മുഴുവൻ അറിയുന്ന ഒരു സ്റ്റാർ ആയി വളർന്നിരിക്കുന്നു! ലൈഫ് എങ്ങനെ മാറി?
ഞാനിപ്പോഴും തോമസ് വക്കീലിന്റെ മകനായി തന്നെയാണ് ജീവിച്ചു പോകുന്നത്. ഒന്നും പെട്ടെന്ന് സംഭവിച്ചതല്ലല്ലോ, എന്റെ ജീവിതം സ്വിച്ചിട്ട പോലെ അല്ല മാറിയത്. വളരെ സാവധാനം ആണ് എല്ലാം സംഭവിച്ചത്. പുറത്തുനിന്ന് നോക്കുന്നവർഞാൻ അഭിനയിച്ച സിനിമകളും എന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളും എന്റെ ഇന്റർവ്യൂവും ഒക്കെയല്ലേ കാണുന്നുള്ളൂ. ഇതിലൊന്നും ഇല്ലാത്ത ഞാൻ, പുറത്ത് വിടാത്ത ഒരു ജീവിതം ഉണ്ടെനിക്ക്. അത്കൊണ്ട് തന്നെ 'മിന്നൽ മുരളി" ഇത്രയും ഹിറ്റ് ആയപ്പോൾ  ഒടുവിൽ അത് സംഭവിച്ചു എന്ന തോന്നലാണ് എനിക്കുണ്ടായത്. വലിയ വിജയങ്ങളെക്കാൾ കൂടുതൽ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ വളരെ സന്തോഷിക്കുന്ന ആളാണ് ഞാൻ! അതുപോലെ തന്നെ വലിയ ആഘാതങ്ങളിൽ പതറാറുമില്ല, പക്ഷേ ചെറിയ സങ്കടങ്ങൾ ചിലപ്പോൾ വളരെ ആഘാതം ഏൽപ്പിക്കാറുമുണ്ട്.
ടൊവിനോയുടെ പരാജയങ്ങളിൽ വീട്ടുകാർ വിഷമിച്ചിട്ടുണ്ടോ?
എന്റെ വീട്ടുകാർ സിനിമയെ നോക്കിക്കാണുന്നതും ഞാൻ സിനിമയെ നോക്കിക്കാണുന്നതും രണ്ടും രണ്ട് രീതിയിലാണ്. അവർക്കിത് ഒരു എന്റർടൈൻമെന്റ് മീഡിയം മാത്രമാണ്. എനിക്കിതെന്റെ ജീവിതമാണ്. 'കള" എന്ന സിനിമക്ക് നല്ല അഭിപ്രായം കിട്ടുന്ന സമയങ്ങളിൽ എന്റെ അമ്മ ആ സിനിമ കണ്ടിട്ട് പറഞ്ഞു എന്തിനാ മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത്. ഞങ്ങൾക്കൊന്നും കണ്ടോണ്ടിരിക്കാൻ പറ്റുന്നില്ല. അതെന്നെ വല്ലാതെ ചിന്തിപ്പിച്ചു, അപ്പോഴാണ് ഞാൻ അവരുടെ പോയിന്റ് ഒഫ് വ്യൂവിൽ ചിന്തിച്ചത്. ഞാനെന്റെ  അമ്മയോട്  ഒരുപാട് അറ്റാച്ച്ഡ് ആയ വ്യക്തിയാണ്. ഇളയമകനായതു കൊണ്ട് എന്നെ ഒരുപാട് ലളിച്ചാണ് വളർത്തിയത്. ഞാൻ ചോര ഒലിപ്പിച്ച് ഇരിക്കുന്നത് കാണാൻ അമ്മക്ക് ഒരിക്കലും സാധിക്കില്ല. അമ്മക്കുള്ള സിനിമ ഞാൻ വേറെ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാണ്  ഞാൻ അന്ന് പോന്നത്. അതുപോലെ തന്നെ 'ഗപ്പി" സിനിമ അച്ഛന്റെയും അമ്മയുടെയും നടുക്കിരുന്നാണ് ഞാൻ കണ്ടത്. അതിൽ ഒരുപാട് സിഗരറ്റ് വലിക്കുന്ന സീൻ കണ്ടപ്പോൾ എന്റെ അച്ഛൻ പറഞ്ഞു ,ഒന്നുകിൽ നീ നന്നായി വലിക്കുന്ന ആളാണ്. അല്ലെങ്കിൽ നീ നല്ല നടനാണ്! ഞാൻ പറഞ്ഞു ഞാൻ നല്ല നടനാണ്, നടൻ മാത്രമാണ്!!!

'മിന്നൽ മുരളി" റിലീസ് സമയത്ത്  'വാശി" യുടെ ഷൂട്ടിംഗ് നടക്കുകയാണ്. നല്ല തിരക്കുള്ള സമയം. ഷൂട്ട് കഴിഞ്ഞു പ്രൊമോഷന് മുംബയ്ക്ക് പോകുന്നു. പിന്നെ ദുബായ്, വീണ്ടും കൊച്ചി വീണ്ടും തിരുവനന്തപുരത്തേക്ക് ഷൂട്ടിനു എത്തി വീണ്ടും  മുംബയ്ക്ക് പോകുന്ന സമയം. ഇതെല്ലാം ഞാൻ തന്നെ ചെയ്യണ്ട കാര്യങ്ങളാണ്. എല്ലാം കൃത്യമായി കൊണ്ടുപോകാൻ ഞാൻ നഷ്ടമാക്കിയത് എന്റെ ഉറക്കവും വിശ്രമവുമാണ്. ക്രിസ്മസ് ആഘോഷിക്കാൻ എന്റെയൊപ്പം വന്ന എന്റെ കുടുംബത്തിന്റെ കൂടെ ഒരു ദിവസം പോലും ചെലവഴിക്കാൻ എനിക്ക് നല്ലപോലെ കഴിഞ്ഞില്ല. എല്ലാം കഴിഞ്ഞു നാട്ടിലേക്ക് പോയതിനു ശേഷം അച്ഛൻ എനിക്ക് മെസേജ് അയച്ചു ''നമ്മൾ സാമ്പത്തികമായി ഓകെ അല്ലേ. നിനക്ക് കാശിന് ആവശ്യം ഒന്നും ഇല്ലല്ലോ. പിന്നെതിനാ മോനേ ഇങ്ങനെ നീ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത്, ഇത്രക്കും കഷ്ടപ്പടേണ്ടആവശ്യമുണ്ടോ?"" എന്റെ മറുപടി ഇതായിരുന്നു, ''അപ്പാ ഞാൻ ഇത്രയും കഷ്ടപ്പെട്ട് പരിശ്രമിച്ചത് കൊണ്ടാണ് അപ്പൻ സിനിമാ നടൻ അല്ലാഞ്ഞിട്ടും അപ്പന്റെ മോൻ ഇവിടെ എത്തി നിക്കുന്നത്!""
പെട്ടെന്നൊരു ദിവസം ഞാൻ ഒരു മാസം ബ്രേക്ക് എടുത്താൽ എന്നെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവർക്കൊക്കെ ജോലിയില്ലാതാകും, അവരുടെ കുടുംബം വിഷമത്തിലാകും. ഞാൻ അതെല്ലാം ചിന്തിക്കണമല്ലോ. തമാശക്കാണെങ്കിലും ഞാൻ അപ്പനോട് പറഞ്ഞു, ഇപ്പൊ ഇങ്ങനെ പോട്ടെ അപ്പാ, ഞാൻ ഒരു വോളന്ററി റിട്ടയർമെന്റ് എടുക്കാം.
പ്രേക്ഷകർ എന്തുകൊണ്ട് 'നാരദൻ" കാണണം?
കോടിക്കണക്കിനു രൂപ മുടക്കി ഒരുപാട് സമയം ഇൻവെസ്റ്റ് ചെയ്താണ് ഓരോ സിനിമയും ഉണ്ടാക്കുന്നത്. ഒരു മിനിമം ക്വാളിറ്റി കാണുമല്ലോ സിനിമക്ക്. പക്ഷേ സിനിമ കാണണോ വേണ്ടയോ എന്നത് പ്രേക്ഷകരുടെ ചിന്തയാണ്. ഞങ്ങൾ സിനിമ എടുക്കുന്നത് നിങ്ങളെ രസിപ്പിക്കാനാണ്. ഞാൻ എത്രയോ സിനിമകളിൽ പൈസ വാങ്ങാതെ അഭിനയിച്ചിരിക്കുന്നു. നിങ്ങൾ സിനിമ കണ്ടിട്ട് കൊള്ളാം നല്ലതാണ് എന്ന് വിളിച്ച് പറയുന്ന ആ അഭിപ്രായമാണ് എന്റെ സന്തോഷം. ഈ സിനിമയെപ്പറ്റി പറഞ്ഞാൽ ടിവി ചാനലുകളാണ് നമ്മൾ എല്ലാവരും കാണുന്നത്. അതിന്റെ പിന്നിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. സോഷ്യലി റിലെറ്റഡ് ആയിട്ടുള്ള ഒരുപാട് കാര്യങ്ങളും ഇതിൽ പറയുന്നുണ്ട്. അതാണ് ഈ സിനിമ. അതുകൊണ്ടാണ് ഈ സിനിമ എല്ലാവരും കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോഴും നിർബന്ധിക്കുകയല്ല, പൂർണമനസോടെ നിങ്ങൾ തിയേറ്ററിൽ പോയി കണ്ടാൽ സന്തോഷം.

ആഷിക്ക് അബു സിനിമയെക്കാൾ ഇതിൽ എക്സൈറ്റ് ചെയ്യിച്ച ഘടകം എന്താണ്?
ഇതെഴുതുന്നത് ഉണ്ണി ആർ എന്ന വലിയൊരു എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ എല്ലാ പുസ്തകവും മേടിച്ച് വായിച്ചിട്ടുള്ള ഒരാളാണ് ഞാൻ. അദ്ദേഹത്തിന്റെ എഴുത്തിന്റെ ആരാധകൻ ആണ് ഞാൻ. ഇവരുടെയൊക്കെ കൂടെ വർക്ക് ചെയ്യുക എന്നത് തീർച്ചയായിട്ടും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണെനിക്ക്.
വാർത്തയെ വളച്ചൊടിക്കുന്ന ആളാണ് ഒരുപരിധി വരെ നാരദൻ! അങ്ങനെ എന്തെങ്കിലും പണി കിട്ടിയിട്ടുണ്ടോ ജീവിതത്തിൽ?
ഉണ്ട്! ഞാൻ എല്ലാവരുമായിട്ട് വളരെ അടുത്ത സൗഹൃദം പുലർത്തുന്ന ആളാണ്. ഞാൻ ആരെയെങ്കിലും പറ്റി എന്തെങ്കിലും പറഞ്ഞു എന്ന് മറ്റൊരാളുടെ ചെവിയിൽ എത്തിയാൽ അതെന്നെ വിളിച്ച് ചോദിക്കാനുള്ള സ്വാതന്ത്ര്യം ഭൂരിഭാഗം ആൾക്കാരുമായിട്ടും എനിക്കുണ്ട്. അത്കൊണ്ട് എനിക്കത് ക്ലാരിഫൈ ചെയ്യാൻ പറ്റിയാൽ ഇടയ്ക്ക് നിന്ന് ഏഷണി കൂട്ടിയവനല്ലേ പ്രതിസ്ഥാനത്ത് നിൽക്കാൻ പോകുന്നത്! അതു തന്നെയാണ് മിക്കപ്പോഴും സംഭവിക്കുന്നത്. കാരണം സിനിമയിൽ എല്ലാവരും തമ്മിൽ കണക്റ്റഡ് ആണ്.
സിനിമക്ക് കൈ കൊടുത്തതിനു ശേഷം നിരീക്ഷിച്ച ന്യൂസ് റീഡേഴ്സ് നികേഷ് കുമാറും അർണാബ് ഗോസ്വാമിയും ആണോ?
ഒരുപാട് പേരുണ്ട്. ഇവർ രണ്ടുപേരും മാത്രമല്ല. ആഷിഖ് ചേട്ടൻ ആദ്യം പറഞ്ഞത് ഒരാളെയും അനുകരിക്കാൻ ശ്രമിക്കരുത് എന്നാണ്. ഈ സിനിമ  ആരെയും അനുകരിക്കാൻ ആർക്കും പണി കൊടുക്കാനോ ഉള്ളതല്ല. അങ്ങനെ ഉണ്ടെങ്കിൽ നമുക്കൊരു ലേഖനം എഴുതുകയോ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇടുകയോ ചെയ്താൽ പോരെ! ഇതൊരു സിനിമ മാത്രമാണ്, ഇന്ററസ്റ്റിംഗ് ആയിട്ടുള്ള പല കാര്യങ്ങളും ഇതിൽ പറയുന്നുണ്ട്.