c


ഇൻസ്റ്റഗ്രാമിൽ ഒരുകോടി ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ മലയാളം താരമെന്ന നേട്ടം സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. മലയാള സിനിമയിലെ സൂപ്പർ സ്റ്രാറുകളായ മമ്മൂട്ടിയെയും മോഹൻലാലിനെയും പിന്തള്ളിയാണ് ദുൽഖർ ഒന്നാമതെത്തിയത്. 44 ലക്ഷം ഫോളോവർമാരാണ് മോഹൻലാലിനുള്ളത്. 30 ലക്ഷമാണ് മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണം. ഒരു കോടി ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം ദുൽഖർ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചു.

" 10 മില്ല്യൺ ശക്തം, എന്റെ അഗാധമായ ചിന്തകളും പോസ്റ്റുകളും സഹിക്കുന്ന നിങ്ങൾ ഓരോരുത്തരോടും കൃതഞ്ജത. നിങ്ങളെല്ലാവരും എന്റെ സമുദ്രമാണ്. " എന്ന് പറഞ്ഞാണ് ദുൽഖർ സ്നേഹം അറിയിച്ചത്. മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിൽ തന്നെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഏറെ മുന്നിലാണ് ദുൽഖർ. തെന്നിന്ത്യൻ താരങ്ങളിൽ ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് താരം. 1.73 കോടി ഫോളോവേഴ്സുമായി അല്ലു അർജുനാണ് ഒന്നാം സ്ഥാനത്ത്. 1.46 കോടി ഫോളോവേഴ്സുമായി വിജയ് ദേവരകൊണ്ടയാണ് രണ്ടാം സ്ഥാനത്ത്. തെലുങ്ക് സൂപ്പർ താരങ്ങളായ പ്രഭാസും, മഹേഷ് ബാബുവുമാണ് ഇൻസ്റ്റ ഫോളോവർമാരുടെ എണ്ണത്തിൽ ആദ്യ 5 സ്ഥാനങ്ങളിൽ ഉൾപ്പെടുന്ന മറ്റു തെന്നിന്ത്യൻ താരങ്ങൾ. 79 ലക്ഷമാണ് ഇരുവരുടെയും ഫോളാവേഴ്സിന്റെ എണ്ണം. മലയാളം സിനിമകൾക്കു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഹിറ്റ് സിനിമകളിൽ അഭിനയിച്ച ദുൽഖർ ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ്. അതിന്റെ തെളിവാണ് ഈ 1 കോടി ഫോളോവേഴ്സ്.

അടുത്തിടെ താൻ സിനിമയിൽ 10 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷവും ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

മലയാളത്തിൽ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടും തമിഴിൽ ഡാൻസ് കൊറിയോഗ്രാഫർ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ഹേയ് സിനാമികയുമാണ് റിലീസിന് ഒരുങ്ങുന്ന ദുൽഖർ ചിത്രങ്ങൾ.